തിരുവനന്തപുരം: സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിന് പിന്നാലെ പ്രതികരണവുമായി വിജേഷ് പിള്ള. സ്വപ്നയുമായി ബെംഗളൂരിൽ ചർച്ച നടത്തിയിരുന്നു. സ്വർണ്ണക്കടത്ത് വിഷയത്തിലല്ല സംസാരിച്ചതെന്നും ഒരു ഒടിടി നിർമ്മാണവുമായി ബന്ധപ്പെട്ട ചർച്ചയ്‌ക്കാണ് പോയതെന്നുമാണ് വിജേഷിന്റെ ന്യായീകരണം. തനിക്ക് രാഷ്‌ട്രീയ ബന്ധമില്ലെന്നും എം.വി ഗോവിന്ദനെ ടിവിയിൽ കണ്ട പരിചയം മാത്രമെ ഉള്ളൂ എന്നുമാണ് വിജേഷ് മാദ്ധ്യമങ്ങളോട് പ്രതികരിച്ചത്.
‘എനിക്ക് എം.വി ഗോവിന്ദനുമായി യാതൊരു ബന്ധവുമില്ല. സ്വപ്‌നയുടെ ആരോപണങ്ങൾ എല്ലാം തെറ്റാണ്. വെബ്‌സീരീസുമായി ബന്ധപ്പെട്ട കാര്യങ്ങൾ സംസാരിക്കാൻ വേണ്ടിയാണ് സ്വപ്‌നയുമായി കൂടിക്കാഴ്ച നടത്തിയത്. ഞാൻ താമസിച്ച ഹോട്ടലിൽ അവർ വന്നു. അതല്ലാതെ ഒന്നും നടന്നിട്ടില്ല. എല്ലാ ആരോപണങ്ങളും ഞാൻ നിഷേധിക്കുകയാണ്. എനിക്ക് ഇവരെ കുറിച്ച് യാതൊന്നും അറിയില്ല. പാർട്ടിയുമായി ഒരു ബന്ധവുമില്ല. ടിവിയിലും പത്രത്തിലും കണ്ടിട്ടുള്ളതല്ലാതെ എനിക്ക് ഇവരുമായി നേരിട്ട് പരിചയമില്ല. എനിക്കൊരു പാർട്ടിയുമില്ല’ എന്നാണ് വിജേഷിന്റെ പ്രതികരണം.
അതേസമയം, എം.വി ഗോവിന്ദന്റെ മൊറാഴിലെ വീട്ടിൽ നിന്ന് കേവലം 5 കിലോ മീറ്റർ അകലെ മാത്രമാണ് വിജേഷ് പിള്ളയുടെ കുടുംബവീട്. ഇതിനിടെ, വിജേഷിനെ ഇഡി ചോദ്യം ചെയ്യുന്നു എന്ന റിപ്പോർട്ടുകളും പുറത്തു വരുന്നുണ്ട്. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ അയച്ചതാണെന്ന് പരിചയപ്പെടുത്തിയാണ് വിജേഷ് പിള്ള തന്നെ ഭീഷണിപ്പെടുത്തിയതെന്നാണ് സ്വപ്നയുടെ വെളിപ്പെടുത്തൽ. മുഖ്യമന്ത്രിക്കെതിരായ ആരോപണങ്ങൾ പിൻവലിച്ച് കേരളം വിട്ടു പോകാൻ തയ്യാറായാൽ 30 കോടി രൂപ നൽകാമെന്നായിരുന്നു വിജേഷിന്റെ വാഗ്ദാനമെന്നും സ്വപ്ന പറഞ്ഞു.
Comments