കോട്ടയം: സ്വപ്ന സുരേഷിന്റെ വെല്ലുവിളികളെ തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. മുഖ്യമന്ത്രി പിണറായി വിജയൻ സ്വപ്നയ്‌ക്കെതിരെ മാനനഷ്ടക്കേസ് നൽകില്ലെന്ന സൂചനയാണ് പുറത്തു വരുന്നത്. കടകംപള്ളി സുരേന്ദ്രനും തോമസ് ഐസക്കിനും സ്വപ്നക്കെതിരെ മാനനഷ്ട കേസ് നൽകാൻ പാർട്ടി അനുമതി നൽകിയിട്ടുണ്ട്. മുഖ്യമന്ത്രിക്ക് വേറെ എന്തെല്ലാം പണിയുണ്ട്. നിങ്ങൾ എത്ര വിചാരിച്ചാലും മുഖ്യമന്ത്രിയുടെ മാനം നഷ്ടപ്പെടില്ല എന്ന് എം.വി ഗോവിന്ദൻ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.
സ്വപ്നയുടെ ആരോപണങ്ങൾക്ക് ഉരുണ്ടു കളിച്ചായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി കഴിഞ്ഞ ദിവസം മറുപടി നൽകിയത്. വിജേഷ് പിള്ള എന്നൊരാളെ അറിയില്ല. കണ്ണൂരിൽ പിള്ളമാരില്ല എന്നാണ് എം.വി ഗോവിന്ദൻ പറഞ്ഞത്. സ്വപ്നയ്‌ക്കെതിരെ സാധ്യമായ നിയമനടപടികളെല്ലാം സ്വീകരിക്കും. ആയിരം തവണ കേസ് കൊടുക്കും. ആരോപണങ്ങളിൽ ചൂളിപോകില്ല, തളരില്ല. ഇതുകൊണ്ടൊന്നും ജാഥയെ തടയാനാകില്ല എന്നും ആരോപണങ്ങൾക്ക് പിന്നിൽ രാഷ്‌ട്രീയമാണെന്നുമാണ് അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞത്.
അതേസമയം, വിജേഷ് പിള്ളയുടെ വെല്ലുവിളി താൻ ഏറ്റെടുക്കുന്നുവെന്ന് സ്വപ്ന സുരേഷ് തുറന്നടിച്ചു. ഒത്തുതീര്‍പ്പിനായി 30 കോടി വാഗ്ദാനവുമായി ഇടനിലക്കാരനെ അയച്ചുവെന്ന ആരോപണത്തില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും വിജേഷ് പിള്ളയ്‌ക്കെതിരായി തെളിവുകൾ ഉണ്ടെന്നും സ്വപ്ന പറഞ്ഞു. എന്ത് നിയമ നടപടി നേരിടാനും തയ്യാറാണെന്നും തനിക്കെതിരെ കേസ് കൊടുക്കാൻ മുഖ്യമന്ത്രിയേയും കുടുംബത്തെയും കൂടി എം.വി ഗോവിന്ദൻ ഉപദേശിക്കണമെന്നും സ്വപ്ന ഫേയ്സ്ബുക്കിൽ കുറിച്ചു.
Comments