ഭുവനേശ്വർ: കേന്ദ്ര ആഭ്യന്തരമന്തി അമിത് ഷാ മാർച്ച് 26-ന് ഒഡീഷ സന്ദർശിക്കും. നടന്നുകൊണ്ടിരിക്കുന്ന ‘ലോക്സഭാ പ്രവാസ് പരിപാടിയുടെ ഭാഗമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മാർച്ച് 26-ന് ഒഡീഷ സന്ദർശിക്കും. ആഭ്യന്തരമന്ത്രി ഒഡീഷയിലെ ഭദ്രക് ജില്ലയിലെ ധാംനഗർ നിയമസഭാ മണ്ഡലം സന്ദർശിക്കും. അമിത് ഷാ ലോക്സഭാ പ്രവാസത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പൊതുസമ്മേളനങ്ങളെ അഭിസംബോധന ചെയ്യുമെന്നും ബിജെപി ഉന്നതവൃത്തങ്ങൾ അറിയിച്ചു.
പൊതുസമ്മേളനത്തിന് മുൻപായി അമിത് ഷാ ഭദ്രക് ജില്ലയിലെ അഖണ്ഡലമണി ദേവാലയത്തിൽ ദർശനം നടത്തും. ഭുവനേശ്വറിലെ സംസ്ഥാന പാർട്ടി ആസ്ഥാനത്ത് പാർട്ടി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ ശേഷം വൈകുന്നേരം അദ്ദേഹം ന്യൂഡൽഹിയിലേക്ക് മടങ്ങും.
2019 ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് ഭൂരിപക്ഷം നേടാൻ സാധിക്കാതിരുന്ന ലോക്സഭാ മണ്ഡലങ്ങളിലേക്ക് പ്രവാസ് പരിപാടി വ്യാപിപ്പിക്കും. ലോക്സഭാ പ്രവാസ് ഈ വർഷം ജനുവരിയിലാണ് ആരംഭിച്ചത്. ലോക്സഭാ പ്രവാസത്തിനായി ബിജെപി ഒരു കമ്മിറ്റിയും രൂപീകരിച്ചിട്ടുണ്ട്. കേന്ദ്രമന്ത്രിമാരായ കിരൺ റിജിജു, സ്മൃതി ഇറാനി, പ്രതിമ ഭൂമിക്, പ്രഹ്ലാദ് ജോഷി, അർജുൻ റാം മേഘ്വാൾ, അനുരാഗ് താക്കൂർ എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങൾ.
Comments