ന്യൂഡൽഹി: തീവ്രവാദത്തിനും രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്കുമെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും യാതൊരു വിട്ടുവീഴ്ചയുമില്ലെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ‘ഭീകരവാദ പ്രവർത്തനങ്ങളോട് യാതൊരു വിട്ടുവീഴ്ചയും കാണിക്കാത്ത നയങ്ങൾ ഇനിയും തുടരും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന തീവ്രവാദവും, രാജ്യവിരുദ്ധ പ്രവർത്തനങ്ങളെ ശക്തമായി നേരിടും’ അമിത് ഷാ പറഞ്ഞു. സിഐഎസ്എഫിന്റെ 54-ാമത് റൈസിംഗ് ഡേ പരേഡിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘കഴിഞ്ഞ ഒൻപത് വർഷമായി ബിജെപി സർക്കാർ രാജ്യത്തെ സുരക്ഷാ വെല്ലുവിളികളെയും പ്രശ്നങ്ങളെയും വിജയകകരമായി നേരിടുകയാണ്. ജമ്മുകശ്മീരിലും വടക്കുകിഴക്കൻ പ്രദേശങ്ങളിലും അക്രമ സംഭവങ്ങൾ കുറയുകയാണ്, അതിലൂടെ ജനങ്ങളുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കാൻ സർക്കാരിന് സാധിച്ചിട്ടുണ്ട്’ കേന്ദ്രമന്ത്രി പറഞ്ഞു. തീവ്രവാദ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരുടെ എണ്ണം കുറഞ്ഞു വരികയാണെന്നും പലരും ആയുധം ഉപേക്ഷിച്ച് പൊതുസമൂഹത്തിന്റെ മുഖ്യാധാരയിലേക്ക് കടന്നു വരുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Comments