ഇന്ത്യൻ ചലച്ചിത്ര സംഗീതത്തിന് മഹത്തായ സംഭവ നൽകിയിരിക്കുകയാണ് എം.എം. കീരവാണി. ഗോൾഡൻ ഗ്ലോബിൽ നിന്നും അദ്ദേഹം നടന്നടുത്തത് ഓസ്‌കർ പുരസ്‌കരത്തിലേക്കാണ്. 14 വർഷത്തിന് ശേഷമാണ് ഇന്ത്യ ഓസ്‌കർ വേദിയിൽ തിളങ്ങി നിൽക്കുന്നത്. അമേരിക്കൻ മണ്ണിൽ ഇന്ത്യയുടെ ഗാനം തലയുയർത്തി നിൽക്കുന്ന ചരിത്ര നിമിഷം കാണുകയാണ് ഇന്ത്യൻ ജനത. ആർ ആർ ആറിലെ നാട്ടു നാട്ടു ഗാനത്തിന്റെ അവാർഡ് ഏറ്റുവാങ്ങിയതിനു ശേഷമുള്ള കീരവാണിയുടെ മറുപടിയും എക്കാലത്തെയും പോലെ വ്യത്യസ്തമായിരുന്നു. ഇന്ത്യയിലെ ജനങ്ങളോടും സിനിമ പ്രവർത്തകരോടും എല്ലാവരോടുമുള്ള നന്ദി അദ്ദേഹം അറിയിച്ചത് ഗാനമാലപിച്ചുകൊണ്ടായിരുന്നു.
തെന്നിന്ത്യൻ സിനിമ ചരിത്രത്തിന്റെ താളുകളിൽ ഇനി എന്നും നാട്ടുനാട്ടു ഗാനവും കീരവാണിയും മിന്നിത്തിളങ്ങി നിൽക്കും. പ്രസിദ്ധിയുടെ വഴിയിൽ അത്ര തിളങ്ങി നിൽക്കുന്ന വ്യക്തിത്വമല്ല എങ്കിലും അദ്ദേഹത്തിന്റെ ഗാനങ്ങളിലൂടെ തന്നെ സുപരിചിതനാണ് കീരവാണി. 1987-ൽ തെലുങ്ക് സംഗീത സംവിധായകൻ കെ.ചക്രവർത്തി, മലയാളത്തിലെ സംഗീത സംവിധായകൻ സി.രാജമണി എന്നിവർക്കൊപ്പം അസിസ്റ്റന്റ് സംഗീത സംവിധായകൻ എന്ന നിലയിലാണ് കീരവാണി തന്റെ കരിയർ തുടങ്ങുന്നത്.
1980-കളുടെ അവസാനത്തിൽ കളക്ടർഗരി അബ്ബായി , ഭരതംലോ അർജുനുഡു എന്നീ സിനിമകളിൽ അസിസ്റ്റന്റ് ചെയ്ത് കൊണ്ടാണ്് അദ്ദേഹം തന്റെ കഴിവുകളെ വളർത്തിയടുത്തത്. ഈ വേളയിൽ ഒരു വർഷത്തിലധികമായി ഗാനരചയിതാവ് വേട്ടൂരിയുടെ മാർഗനിർദേശവും അദ്ദേഹം തേടിയിരുന്നു. 1990-ൽ സംവിധായകൻ രാജമൗലിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ മനസ്സു മമത എന്ന ചിത്രമാണ് അദ്ദേഹത്തെ വെളിച്ചത്തിലേക്ക് കൊണ്ടുവരുന്നത്. എന്നാൽ രാം ഗോപാൽ വർമ്മയുടെ ബ്ലോക്ക്ബസ്റ്റർ ചിത്രമായ ക്ഷണ നിമിഷം എന്ന ചിത്രമാണ് കീരവാണിയെ ഒരു സംഗീത സംവിധായകൻ എന്ന നിലയിൽ ഉയർത്തിയത്.
മലയാളത്തിലേക്ക് കീരവാണിയുടെ പ്രശസ്തി പരക്കുന്നത് ഭരതിനിലൂടെയാണ്. മലയാളത്തിൽ അദ്ദേഹത്തിന്റേതായി പിറന്ന വരികളൊക്കെയും ഒന്നിനോടൊന്ന് മികവറ്റുവയായിരുന്നു. മലയാളത്തിലും തമിഴിലും മരഗത മണി എന്ന പേരിലാണ് എം.എം. കീരവാണി പാട്ടുകൾ ചിട്ടപ്പെടുത്തി ആരാധകരെ കയ്യിലെടുത്തത്.
ഗാനരചയിതാവും തിരക്കഥാകൃത്തുമായ കോഡൂരി ശിവ ശക്തി ദത്തയുടെ മകനാണ് കോഡൂരി മരതകമണി കീരവാണി എന്ന എം എം കീരവാണി. കലാപരമായി മുന്നിട്ട് നിൽക്കുന്ന കുടുംബമാണ് കീരവാണിയുടേത്. കീരവാണിയുടെ സഹോദരനായ കല്യാണി മാലിക് സംഗിത സംവിധായകൻ ഗായകൻ എന്നീ നിലകളിൽ സുപരിചിതനാണ്. സംവിധായകൻ എസ് എസ് രാജമൗലിയുടെ അമ്മാവനാണ് കീരവാണി. 2014-ൽ സിനിമ സംഗീത ലോകത്ത് നിന്നും വിരമിക്കൽ പ്രഖ്യാപനം നടത്തിയ കീരവാണിയെ രാജമൗലിയാണ് പിന്തിരിപ്പിച്ചത്. ഇത്തരത്തിലൊരു ചരിത്ര മുഹൂർത്തത്തിന് സാക്ഷ്യം വഹിക്കാനാവാം കാലം ആ തീരുമാനം തിരുത്തിക്കുറിപ്പിച്ചത്.
Comments