ബ്രഹ്മപുരം മാലിന്യപ്ലാന്റിലുണ്ടായ തീപിടിത്തത്തിൽ പിണറായി സർക്കാരിനെ ന്യായീകരിച്ച് സന്ദീപാനാന്ദഗിരി. വിഷയത്തിൽ സർക്കാർ വേണ്ട വിധത്തിൽ ഇടപെടൽ നടത്താത്തതും മുഖ്യമന്ത്രി പ്രതികരിക്കാത്തതും വലിയ ജനരോഷത്തിന് കാരണമായിരുന്നു. സിനിമ പ്രവർത്തകരടക്കം സർക്കാരിന്റെ നടപടിയെ ശക്തമായാണ് വിമർശിച്ചത്. കൊച്ചിയെ പൂർണമായും ശ്വാസം മുട്ടിച്ച ശേഷമാണ് പുക അണയ്‌ക്കാൻ സർക്കാർ നടപടികൾ സ്വീകരിച്ചത്.
മാലിന്യപ്ലാന്റിൽ മനപൂർവ്വം തീയിട്ടതാണെന്നും വേസ്റ്റ് പരമാവധി കത്തി തീരാനാണ് ഭരണകക്ഷി മൗനം പാലിക്കുകയും അടിയന്തര നടപടികൾ സ്വീകരിക്കാതിരിക്കുകയും ചെയ്തതെന്നുമാണ് ജനങ്ങളുടെ ആരോപണം. ഇതിനിടെയാണ് സർക്കാരിനെ ന്യയീകരിച്ചുകൊണ്ട് സന്ദീപാനന്ദഗിരി രംഗത്തു വന്നിരിക്കുന്നത്. മാലിന്യക്കൂമ്പാരത്തിലുണ്ടാകുന്ന തീ വൻ നഗരങ്ങൾക്കും വെല്ലുവിളിയാണ്. അലബാമയിൽ തീ അണയ്‌ക്കാൻ രണ്ട് മാസം വേണ്ടി വന്നു. എന്നാൽ കൊച്ചിയിൽ തീ അണയ്‌ക്കാൻ വെറും പത്തു ദിവസം വേണ്ടി വന്നുള്ളൂ എന്നാണ് സന്ദീപാനന്ദഗിരിയുടെ ന്യായീകരണം.
ബ്രഹ്മപുരം മാലിന്യപ്ലാന്റിലുണ്ടായ തീപിടിത്തത്തിൽ മുഖ്യമന്ത്രി മൗനം പാലിച്ചപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ സന്ദീപാനന്ദഗിരിയുടെ പേരും ഉയർന്നു വന്നിരുന്നു. സന്ദീപാനന്ദഗിരിയുടെ കുണ്ടമൺകടവിലെ ഹോംസ്റ്റേ കത്തിയപ്പോൾ മണിക്കൂറുകൾ കൊണ്ട് സംഭവ സ്ഥലം സന്ദർശിച്ച മുഖ്യമന്ത്രിയാണ്, ഒരു നാടിനെ ശ്വാസം മുട്ടിച്ച ബ്രഹ്മപുരത്തെ മാലിന്യപ്ലാന്റ് സന്ദർശിക്കാനോ വിഷയത്തിൽ പ്രതികരിക്കാനോ തയ്യാറാകാതിരുന്നത്. ഇത് സമൂമാദ്ധ്യമങ്ങളിൽ വലിയ വിമർശനങ്ങൾക്കാണ് വഴിയൊരുക്കിയത്. ദേശാഭിമാനിയുടെ വാർത്ത പങ്കുവെച്ചു കൊണ്ടാണ് സർക്കാരിന്റെ പരാജയത്തെ സന്ദീപാനന്ദഗിരി ന്യായീകരിക്കുന്നത്.
Comments