തിരുവനന്തപുരം: ജനങ്ങളെ വിഷവാതകത്തിന് ഇരയാക്കിയ സ്വകാര്യകമ്പനിയെ പിന്തുണയ്‌ക്കുന്ന ഭരണാധികാരി ജനങ്ങളുടെ അന്തകനാണെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ. സോണ്ട ഇൻഫ്രാടെക്കിനെ പിണറായി വിജയന് പേടിയാണ്. മാലിന്യസംസ്ക്കരണത്തിൽ അഴിമതി നടന്നുവെന്ന് വ്യക്തമാക്കുന്നതാണ് മുഖ്യമന്ത്രിയുടെ മൗനം. രാജ്യത്തെ സ്വകാര്യകുത്തക കമ്പനികൾക്കെതിരെ വാതോരാതെ പ്രസംഗിക്കുന്ന എം.ബി രാജേഷ് എങ്ങനെയാണ് സ്വകാര്യകമ്പനിയുടെ വക്താവായി എന്ന ഉത്തരവും പിണറായിയുടെ മൗനത്തിലുണ്ടെന്ന് വി. മുരളാധരൻ തുറന്നടിച്ചു.
സോണ്ടയെ ആർക്കാണ് പേടി. പിണറായി വിജയന് പേടിയുണ്ടെന്ന് വ്യക്തം. കേരളം നേരിട്ട അസാധാരണമായ വായുമലിനീകരണ ദുരന്തത്തിൽ പതിമൂന്നാം ദിവസം മാത്രം വായ തുറന്ന മുഖ്യമന്ത്രി, ദുരന്തത്തിന് കാരണക്കാരായ സ്വകാര്യകമ്പനിയെക്കുറിച്ച് ഒരക്ഷരം മിണ്ടിയില്ല. കമ്പനിയുടെ പിആർ ഏറ്റെടുത്ത് നിയമസഭയിൽ സംസാരിച്ച തദ്ദേശമന്ത്രിയുടെ വാക്കുകൾ ഭരണത്തിൽ ‘സോണ്ട’യുടെ സ്വാധീനം വ്യക്തമാക്കുന്നതായിരുന്നു. മുഖ്യമന്ത്രിയുടെ മൗനം, മാലിന്യസംസ്ക്കരണത്തിലെ അഴിമതിയുടെ മാലിന്യം ആവർത്തിച്ചുറപ്പിക്കുന്നു. ലോകത്തിൽ ഏറ്റവും മികച്ചതാണ് വൈക്കം വിശ്വന്റെ മരുമകന്റെ കമ്പനി എന്ന് സ്ഥാപിക്കാൻ ശ്രമിച്ച എം.ബി രാജേഷ്, കമ്പനിക്കെതിരെ കർണാടകയിൽ നടക്കുന്ന വിജിലൻസ് അന്വേഷണത്തെക്കുറിച്ച് തന്ത്രപൂർവം മൗനം പാലിച്ചു. രാജ്യത്തെ ‘സ്വകാര്യകുത്തക കമ്പനി’കൾക്കെതിരെ വാതോരാതെ പ്രസംഗിക്കുന്ന എം.ബി രാജേഷ് എങ്ങനെ സ്വകാര്യകമ്പനിയുടെ വക്താവായി എന്നതിന്റെ ഉത്തരവും പിണറായിയുടെ മൗനത്തിലുണ്ട്.
സോണ്ട കമ്പനിക്കാർക്ക് നാട്ടിലെ മുഴുവൻ മാലിന്യ സംസ്ക്കരണത്തിന്റെയും കരാർ നൽകിയതിന് പിന്നിൽ മുഖ്യമന്ത്രി തന്നെയെന്ന് ഉറപ്പായിരിക്കുന്നു. സ്വർണം മുതൽ മാലിന്യം വരെ സ്വന്തം കീശ നിറയ്‌ക്കാൻ കേരളത്തെ ഒറ്റുകൊടുക്കുന്ന ഈ മനുഷ്യന് മുഖ്യമന്ത്രിക്കസേരയിലിരിക്കാൻ എന്ത് യോഗ്യതയാണുള്ളത്. ‘മരുമക്കൾ’ പിണറായി വിജയന് ബലഹീനതയായിരിക്കും. പക്ഷേ അദ്ദേഹത്തിന്റെ വ്യക്തിപരമായ ബലഹീനതകളുടെ ദുരന്തം ഏറ്റുവാങ്ങേണ്ട ബാധ്യത കേരളത്തിലെ ജനങ്ങൾക്കില്ല. തന്റെ ജനങ്ങളെ വിഷവാതകത്തിന് ഇരയാക്കിയ സ്വകാര്യകമ്പനിയെ പിന്തുണയ്‌ക്കുന്ന ഭരണാധികാരി ‘ക്യാപ്റ്റനോ’ അന്തകനോ എന്ന് കേരളത്തിലെ ജനം തീരുമാനിക്കട്ടെ. അടിമുടി അഴിമതിയുടെ ദുർഗന്ധം വമിപ്പിക്കുന്ന പിണറായി ഭരണം ഇനിയും കേരളത്തിന് വേണോയെന്നും ജനങ്ങൾ തീരുമാനിക്കണമെന്ന് വി. മുരളീധരൻ പറഞ്ഞു.
Comments