എറണാകുളം: വിജേഷ് പിള്ള ഭീഷണിപ്പെടുത്തിയെന്ന കേസിൽ സ്വപ്ന സുരേഷിന്റെ മൊഴിയെടുക്കൽ പൂർത്തിയായി. വിശദമായ മൊഴി നൽകിയെന്ന് സ്വപ്‌ന വ്യക്തമാക്കി. കേസുകൾ കണ്ട് പേടിപ്പിക്കാൻ നോക്കണ്ടെന്നും കേരളം മുഴുവൻ കേസ് കൊടുത്താലും താൻ പിന്തിരിയില്ലെന്നും സ്വപ്‌ന പറഞ്ഞു. വിജേഷ് പിള്ളയ്‌ക്കൊപ്പമുണ്ടായിരുന്ന അജ്ഞാതനെ കർണാടക പോലീസ് കണ്ടെത്തുമെന്നും അവർ പറഞ്ഞു.
വിജേഷ് പിള്ളയുടെ പേര് ട്രൂ കോളറിൽ വിജയ് എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അതാണ് താൻ വിജയ് പിള്ള എന്ന് പറഞ്ഞതെന്നും സ്വപ്‌ന സുരേഷ് വ്യക്തമാക്കി. ഫോണിൽ ഇത് കാണിച്ചുകൊണ്ടായിരുന്നു സ്വപ്‌നയുടെ വിശദീകരണം. ആദ്യം സ്വാധീനിക്കാനെത്തിയത് ഷാജ് കിരൺ എന്ന അവതാരമാണെന്നും പിന്നീട് വിജേഷ് പിള്ളയെത്തി. ഇത്തരത്തിൽ അവതാരങ്ങളെ എത്തിച്ച് പേടിപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. എന്നാൽ ഇതൊന്നും കണ്ട് താൻ ഭയപ്പെടുമെന്ന് വിചാരിക്കണ്ടെന്നും അവർ പറഞ്ഞു.
സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയ്‌ക്കും കുടുംബത്തിനും എതിരായ ആരോപണം പിൻവലിക്കാൻ സമ്മർദ്ദം ചെലുത്തിയെന്ന വെളിപ്പെടുത്തലിൽ എംവി ഗോവിന്ദൻ ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട സംഭവത്തിൽ എം വി ഗോവിന്ദനോട് മാപ്പ് പറയില്ലെന്ന് സ്വപ്‌ന സുരേഷ് വ്യക്തമാക്കി. ഗോവിന്ദന്റെ നോട്ടീസിന് മറുപടി നൽകുമെന്നാണ് സ്വപ്‌ന പ്രതികരിച്ചത്. തനിക്ക് എംവി ഗോവിന്ദനെ അറിയില്ലെന്നും സ്വപ്‌ന കൂട്ടിച്ചേർത്തു. തനിക്കെതിരായുള്ള ആരോപണങ്ങളിൽ ജീവനുള്ളടത്തോളം കാലം പേരാടുമെന്നും സ്വപ്‌ന മാദ്ധ്യമങ്ങളോട് പറഞ്ഞു.
Comments