ന്യൂഡൽഹി: 2024-ൽ വൻ ഭൂരിപക്ഷത്തോടെ ബിജെപി അധികാരത്തിൽ വരുമെന്ന് ആഭ്യന്തരമന്ത്രി അമിത്ഷാ. ഒരു ജനതയെ സ്വപ്നം കാണാൻ പഠിപ്പിച്ച പ്രധാനമന്ത്രിയാണ് ഇന്ത്യയുടേത്. രാജ്യത്തെ ജനങ്ങളുടെ സ്പന്ദനം നരേന്ദ്രമോദിയ്ക്ക് അനുകൂലമാണ്. ആഗോളതലത്തിൽ നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ഇന്ത്യ ഒന്നാമതെത്തുമെന്നും അമിത് ഷാ പറഞ്ഞു.
‘അടുത്ത പ്രധാനമന്ത്രി ആരാണെന്നും ഏത് പാർട്ടി അധികാരത്തിൽ വരണമെന്നും രാജ്യത്തെ ജനങ്ങൾക്ക് മാത്രമേ തീരുമാനിക്കാൻ കഴിയൂ. ഞാൻ രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും സന്ദർശനം നടത്തുന്നുണ്ട്. ജനങ്ങളുമായി നിരന്തരം സമ്പർക്കം പുലർത്തുന്നുണ്ട്. 2024-ൽ വൻ ഭൂരിപക്ഷത്തോടെ ബിജെപി തുടർച്ചയായി മൂന്നാം തവണയും അധികാരത്തിൽ വരുമെന്ന് ഉറപ്പാണ്. 1970-ന് ശേഷം ആദ്യമായിട്ട് അത് സംഭവിക്കും’.
‘രാജ്യത്തെ ജനങ്ങളുടെ ആഗ്രഹങ്ങൾക്കനുസരിച്ച് പ്രവർത്തിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് സാധിച്ചിട്ടുണ്ട്. സ്വപ്നം കാണാൻ ധൈര്യമില്ലാതിരുന്ന 60 കോടി പാവപ്പെട്ട ജനങ്ങളെ അദ്ദേഹം സ്വപ്നം കാണാൻ പഠിപ്പിച്ചു. രാജ്യം സ്വാതന്ത്ര്യത്തിന്റെ 100 വർഷം ആഘോഷിക്കുമ്പോൾ ഇന്ത്യ ആഗോളതലത്തിൽ ഒന്നാം സ്ഥാനത്തെത്തും’ എന്നും അമിത് ഷാ പറഞ്ഞു.
Comments