ഇന്ത്യൻ പ്രിമിയർ ലീഗ് (ഐപിഎൽ) ഈ മാസം അവസാനവാരം ആരംഭിക്കും. പക്ഷേ ഇത്തവണത്തെ ഐപിഎൽ എങ്ങനെ കാണും എന്നതിൽ ആശയക്കുഴപ്പത്തിൽ ആയിരിക്കുകയാണ് ആരാധകർ. ടിവിയിൽ കാണണമെന്നാണ് വിരാട് കൊഹ്‌ലി പറയുന്നത്. എന്നാൽ ധോണി പറയുന്നത് ഫോണിൽ കാണണമെന്നാണ്. ഐപിഎൽ ചരിത്രത്തിലെ റെക്കോർഡ് തുകയ്‌ക്കാണ് ടിവി, ഡിജിറ്റൽ സംപ്രേഷണാവകാശം ഇത്തവണ വിറ്റുപോയിരിക്കുന്നത്.
അടുത്ത അഞ്ച് വർഷത്തേക്ക് ഐപിഎൽ ടെലിവിഷൻ സംപ്രേഷണാവകാശം 23,575 കോടി രൂപക്കാണ് സ്റ്റാർ സ്‌പോർട്‌സ് സ്വന്തമാക്കിയത്. എന്നാൽ ഡിജിറ്റൽ സംപ്രേഷണാവകാശം 23,758 കോടി രൂപയ്‌ക്ക് വയാകോം 18 സ്വന്തമാക്കി. ഐപിഎൽ ചരിത്രത്തിലാദ്യമായിട്ടാണ് ടെലിവിഷൻ സംപ്രേഷണവകാശത്തിനുള്ള തുകയേക്കാൾ കൂടിയ തുകക്ക് ഡിജിറ്റൽ സംപ്രേഷണ അവകാശം വിറ്റുപോകുന്നത്.
സംപ്രേഷണവകാശം വിറ്റതിലൂടെ 48,390 കോടി രൂപ ബിസിസിഐയിലേക്കെത്തിയപ്പോൾ ലോകത്തിലെ ഏറ്റവും മൂല്യമുള്ള രണ്ടാമത്തെ കായികോത്സമവമായി ഐപിഎൽ മാറിയിരിക്കുകയാണ്. സ്റ്റാർ സ്‌പോർട്‌സിന്റെ ബ്രാന്റ് ആംബാസിഡർ വിരാട് കൊഹ്‌ലി ആണ്. കളിയുടെ ആവേശം അതുപോലെ അനുഭവിച്ചറിയാൻ ടിവിയിൽ കാണണമെന്നാണ് കൊഹ്‌ലി പറയുന്നത്.
മുൻ ഇന്ത്യൻ ക്യാപ്റ്റൻ എം എസ് ധോണിയും സൂര്യകുമാർ യാദവുമാണ് ഡിജിറ്റൽ സംപ്രേഷണവകാശം സ്വന്തമാക്കിയ വയാകോം 18-ന്റെ ബ്രാൻഡ് അംബാസഡർമാർ. ഐപിഎൽ കാലത്ത് മൊബൈൽ സ്‌ക്രീനിലേക്ക് വരാനാണ് മഹേന്ദ്ര സിംഗ് ധോണിയുടെയും സൂര്യകുമാർ യാദവിന്റെയും ആഹ്വാനം. പുതിയ ഡിജിറ്റൽ ദൃശ്യാനുഭവവും ജിയോ സിനിമ ഐപിഎൽ കാലത്ത് വാഗ്ദാനം ചെയ്യുന്നു. ജിയോ സിനിമയിലൂടെ സൗജന്യമായാണ് ഐപിഎൽ സംപ്രേഷണം ചെയ്യുന്നത്. മാർച്ച് 31നാണ് ഈ സീസണിലെ മത്സരങ്ങൾ ആരംഭിക്കുന്നത്.
Comments