ബെംഗളൂരു : സ്വയം തൊഴിൽ പദ്ധതിയായ സ്വാമി വിവേകാനന്ദ യുവ ശക്തി സംഘ പദ്ധതിയുടെ ഉദ്ഘാടനം മാർച്ച് 23-ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ നിർവഹിക്കും. പദ്ധതിയുമായി ബന്ധപ്പെട്ട് മുതിർന്ന ഉദ്യോഗസ്ഥരുടെയും മേധാവികളുടെയും സാന്നിധ്യത്തിൽ ഞായറാഴ്ച മുഖ്യമന്ത്രി വിളിച്ചുചേർത്ത യോഗത്തിലാണ് ഉദ്ഘാടന തിയതിയുൾപ്പടെ തീരുമാനിച്ചത്. യോഗത്തിൽ എക്സിക്യൂട്ടീവ് ഉദ്യോഗസ്ഥർ പദ്ധതിയുടെ പുരോഗതി വിലയിരുത്തി.
വനിത സ്വയം സഹായ സംഘ പദ്ധതികൾ വളരെക്കാലം മുമ്പ് തന്നെ പ്രാബല്യത്തിൽ വന്നിരുന്നു. എന്നാൽ യുവാക്കൾക്ക് വേണ്ടി ആദ്യമായി ആവിഷ്‌കരിച്ച പദ്ധതിയാണിതെന്ന് ബസവരാജ് ബൊമ്മൈ വ്യക്തമാക്കി. പദ്ധതിയുടെ ഭാഗമായി വായ്പ അനുവദിക്കുന്നതിനെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു. സംരംഭങ്ങൾ ലാഭകരമാണെങ്കിൽ സർക്കാർ നിശ്ചയിച്ച 5 ലക്ഷം രൂപയിലധികം വായ്പ നൽകുവാൻ ബാങ്കുകൾക്ക് സ്വാതന്ത്ര്യമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
കർണാടകയിൽ ഇതുവരെ 5,951 ഗ്രാമ പഞ്ചായത്തുകളിലാണ് പദ്ധതി നടപ്പിലാക്കാൻ ഉദ്ദേശിച്ചിരിക്കുന്നത്. പദ്ധതി പ്രകാരം ഒരോ വില്ലേജിലും രണ്ട് സംയുക്ത പ്രിവിലേജ് കമ്മിറ്റികൾ രൂപീകരിക്കുന്നതിനായി മാർച്ച് 8-ന് ധനവകുപ്പ് ഉത്തരവിറക്കിയിരുന്നു. ഇതിന്റെ ഭാഗമായി മാർച്ച് 18-വരെയുള്ള കണക്കുകൾ പ്രകാരം 6,509 സംയുക്ത പ്രിവിലേജ് കമ്മിറ്റികൾ രൂപീകരിച്ചിരുന്നു. കൂടാതെ 5,393 കമ്മിറ്റികൾ കൂടി രൂപീകരിക്കുന്നതിനും നടപടി സ്വീകരിച്ചിട്ടുണ്ട്.
Comments