തൃശൂർ : പാലപ്പിള്ളിയിൽ പരിഭ്രാന്ത്രി പരത്തി കാട്ടാനക്കൂട്ടം. പതിനെട്ട് ആനകളാണ് റബ്ബർ തോട്ടത്തിൽ പുലർച്ചയോടുകൂടി തമ്പടിച്ചത്. വെയിൽ തെളിഞ്ഞതിന് ശേഷമാണ് ആനകൾ തിരിച്ച് കാട് കയറിയത്.
ടാപ്പിംഗിനിറങ്ങിയ തോഴിലാളികൾ ആനക്കൂട്ടത്തെ കണ്ടതോടെ തോട്ടത്തിൽ നിന്നും തിരികെ കയറുകയായിരുന്നു. മിക്ക ദിവസങ്ങളിലും സമാനരീതിയിലുള്ള സാഹചര്യമാണെന്ന് പ്രദേശവാസികൾ പറഞ്ഞു. തോട്ടത്തിലേക്കെത്തുന്ന ആനക്കൂട്ടം രാവിലെ എട്ടുമണിയോടെ മാത്രമാണ് തിരികെ കാട് കയറുക. ആനകൾ കൂട്ടത്തോടെ തോട്ടങ്ങളിലേക്കിറങ്ങുന്നത് കാടിനകത്തെ വേനൽ കാരണം കുടിവെള്ളം ഇല്ലാത്തതിനാലാണ്. കൂടാതെ പ്രദേശത്ത് കാട്ടു തീ ശല്യവും രൂക്ഷമാണ്.
വരും ദിവസങ്ങളിൽ കാട്ടാനകൾ നാട്ടിലേക്കിറങ്ങുന്ന സാഹചര്യം കൂടാനാണ് സാധ്യതയെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പുലർച്ചെ നാല് മണിയോടെയാണ് ടാപ്പിംഗ് തൊഴിലാളികൾ സാധാരണയായി ടാപ്പിംഗിനിറങ്ങുന്നത്. എന്നാൽ പ്രതികൂല സാഹചര്യത്തിൽ നേരം പുലർന്ന ശേഷം മതി ടാപ്പിംഗ് എന്നാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. പുലർച്ചെ ആനകൾ തോട്ടത്തിലുള്ളപ്പോൾ തൊഴിലാളികൾ തോട്ടത്തിൽ പ്രവേശിച്ചാൽ ആക്രമിക്കപ്പെടാൻ സാധ്യതയുണ്ട്. ഇതൊഴിവാക്കാനാണ് നിർദേശം. ആനകളെ കാടുകയറ്റുന്നതിന് വനം വകുപ്പ് ഉദ്യോഗസ്ഥരും രംഗത്തുണ്ട്.
Comments