തിരുവനന്തപുരം : പേട്ടയിൽ നാൽപ്പത്തിയൊമ്പതുകാരിയെ ആക്രമിച്ച സംഭവത്തിൽ രണ്ട് പോലീസുകാർക്ക് സസ്പെൻഷൻ. ഉദ്യോഗസ്ഥരായ ജയരാജ്, രഞ്ജിത്ത് എന്നിവരെയാണ് സംഭവത്തെ തുടർന്ന് സസ്പെൻഡ് ചെയ്തത്. സ്പെഷ്യൽ ബ്രാഞ്ച് സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. കൃത്യ നിർവഹണത്തിൽ വീഴ്ച സംഭവിച്ചതിനാണ് പോലീസുകാർക്കെതിരെ നടപടി എടുത്തിരിക്കുന്നത്.
നേരത്തെ കേസന്വേഷണത്തിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ആക്രമിച്ച വിവരം വിളിച്ചു പറഞ്ഞിട്ടും കേസെടുക്കുകയോ അന്വേഷണം നടത്തുകയോ ചെയ്തില്ലെന്നായിരുന്നു പരാതിക്കാരിയുടെ ആരോപണം. ഇതിനെ തുടർന്നാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. പരാതിയിൽ ഇന്ന് തന്നെ നപടിയുണ്ടാകുമെന്ന് ഡിസിപി അറിയിച്ചു. കഴിഞ്ഞ 13-ന് രാത്രി 11 മണിക്കായിരുന്നു സംഭവം. വഞ്ചിയൂർ മൂലവിളാകം ജംഗ്ഷനിൽ വച്ചാണ് 49-കാരിക്ക് നേരെ അജ്ഞാതന്റെ ആക്രമണമുണ്ടാവുന്നത്.
മകൾക്കൊപ്പം താമസിക്കുന്ന പരാതിക്കാരി മരുന്ന് വാങ്ങാനായി ടൂ വീലറിൽ പുറത്തുപോയി മടങ്ങവേയാണ് ആക്രമണത്തിനിരയാവുന്നത്. മൂലവിളാകം ജംഗഷ്നിൽ നിന്നും അജ്ഞാതൻ യുവതിയെ പിന്തുടരുകയും വീട്ടിലേക്കുള്ള വഴിമദ്ധ്യേ വണ്ടി തടഞ്ഞുനിർത്തി ലൈംഗികാതിക്രമം നടത്തുകയുമായിരുന്നു. വീട്ടിലെത്തി മകളോട് ദുരനുഭവത്തെപ്പറ്റി പറഞ്ഞതിന് പിന്നാലെയാണ് പോലീസിനെ വിളിച്ച് കാര്യം അറിയിക്കുന്നത്. എന്നാൽ വിവരമറിയിച്ചിട്ടും പോലീസ് നടപടിയൊന്നും സ്വീകരിച്ചില്ല. മൊഴി രേഖപ്പെടുത്തുന്നതിനായി പരാതിക്കാരിയോട് സ്റ്റേഷനിലെത്താൻ ആവശ്യപ്പെട്ട പോലീസ് മൂന്ന് ദിവസത്തിന് ശേഷം മാത്രമാണ് കേസെടുത്തത്.
Comments