പത്തനംതിട്ട : പേഴുംപാറ ചിറയ്‌ക്കൽ ഭാഗത്ത് വീണ്ടും പരിഭ്രാന്തി പരത്തി കാട്ടാന സാന്നിധ്യം. അർദ്ധരാത്രിയിലെത്തിയ ഒറ്റയാൻ മതിൽ അടക്കം ഇടിച്ചു നശിപ്പിച്ചു.തയ്യിൽ മേപ്രത്ത് ഗ്രേസി തോമസിന്റെ മതിലാണ് തകർത്തത്. ധാരാളം ചക്ക കായ്ച്ചു നിൽക്കുന്ന മേഖലയാണിത്. അതിനാൽ ചക്ക നോക്കിയാണ് കാട്ടാന ഇവിടെ വന്നതെന്നാണ് നാട്ടുകാരുടെ നിഗമനം. പക്ഷെ, ഉദ്ദേശിച്ച സാധനം ലഭിക്കാതെ വന്നതോടെ രോഷം തീർക്കാനായി ആന മതിലിടിച്ച് പൊളിക്കുകയായിരുന്നു. മതിലിന്റെ 30 മീറ്ററോളം ഭാഗം ആക്രമണത്തിൽ തകർന്നിട്ടുണ്ട്. കൂടാതെ അയൽവാസിയായ പിവി ഫിലിപ്പോസിന്റെ കയ്യാലയുടെ ഒരു ഭാഗവും ഒറ്റയാൻ തകർത്തിട്ടുണ്ട്.
ഒരു മൂട് തെങ്ങും 5 മൂട് റബ്ബറും കാട്ടാന നശിപ്പിച്ചു. ഫിലിപ്പോസിന്റെ സ്ഥലത്ത് കയറിയ ആന പ്ലാവിൽ കുലുക്കി ചക്കയിടാൻ ശ്രമം നടത്തിയിരുന്നു. പ്ലാവിൽ കുത്തേറ്റ പാടുകളും ഉണ്ട്. പീടിയേക്കൽ റവ. ടി.ടി ജോർജിന്റെ ഒരു മൂട് തെങ്ങും ആന നശിപ്പിപ്പിച്ചു. വനാതിർത്തിയോട് ചേർന്ന പ്രദേശത്താണ് നാശം വിതച്ചിരിക്കുന്നത്. അർദ്ധരാത്രിയിൽ ആനയെത്തിയ വിവരം പ്രദേശവാസികൾ ആരും തന്നെ അറിഞ്ഞിരുന്നില്ല. പുലർച്ചെയാണ് നാശനഷ്ടങ്ങൾ ഉണ്ടായതിനെ തുടർന്ന് സംഭവം തിരിച്ചറിയുന്നത്.
ചക്ക ലഭിക്കാത്ത നിരാശയിൽ മടങ്ങിയ കാട്ടാന നടപ്പാലവും തകർത്തിട്ടാണ് പോയത്. ബൗണ്ടറി എംആർഎസ് സ്‌കൂളിന് സമീപം താമസിക്കുന്നവർ ആനയുടെ സാന്നിധ്യം അറിഞ്ഞിരുന്നു. പ്രദേശവാസികൾ പടക്കം പൊട്ടിച്ചും ചെണ്ട കൊട്ടിയും ആനയെ ഓടിക്കുകയായിരുന്നു. സ്ഥിരമായി കാട്ടാന ഭീതി പരത്തുന്ന പ്രദേശങ്ങളാണിത്. കാട്ടുപന്നി, കുരങ്ങ്, കാട്ടാന തുടങ്ങിയവയുടെ ശല്യത്താൽ വലയുകയാണ് പ്രദേശവാസികൾ.
Comments