മാലിന്യ സംസ്‌കരണം; വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥർക്ക് ശമ്പളം നൽകരുത്; പ്രത്യേക നിരീക്ഷണ സംവിധാനവുമായി ഹൈക്കോടതി

Published by
Janam Web Desk

എറണാകുളം :മാലിന്യം നീക്കം ചെയ്യുന്നതും സംസ്‌കരിക്കുന്നതും നിരീക്ഷിക്കുന്നതിന് സംസ്ഥാനത്തെ മൂന്ന് മേഖലകളായി തിരിച്ച് പ്രത്യേക നിരീക്ഷണ സംവിധാനത്തിന് ഉത്തരവിട്ട് ഹൈക്കോടതി. കോടതിയെ സഹായിക്കുന്നതിനായി മൂന്ന് അമിക്കസ്‌ക്യൂറിമാരേയും നിയമിച്ചിട്ടുണ്ട്. ബ്രഹ്മപുരം തീപിടിത്തത്തിൽ സ്വമേധയാ എടുത്ത കേസ് പരിഗണിക്കവേയാണ് തീരുമാനം. സംസ്ഥാനമൊട്ടാകെയുള്ള മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ടുള്ള കോടതിയുടെ സുപ്രധാന ഇടപെടലാണിത്.

എറണാകുളത്തും തൃശൂരിലുമായി പൊതുവായ ഒരു നിരീക്ഷണ സംവിധാനമാണ് കോടതി ഏർപ്പെടുത്തിയിരിക്കുന്നത്. എറണാകുളത്ത് നിന്ന് തെക്കോട്ടുള്ള ജില്ലകൾ എന്ന നിലയിലും തൃശൂരിൽ നിന്ന് വടക്കോട്ടുള്ള ജില്ലകൾ എന്നിങ്ങനെയും മേഖല തിരിച്ചുകൊണ്ടാണ് മറ്റ് രണ്ട് നിരീക്ഷണ സംവിധാനങ്ങൾ ഒരുക്കിയിട്ടുള്ളത്.

മാലിന്യ സംസ്‌കരണത്തിൽ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥർക്ക് ശമ്പളം നൽകരുതെന്നും മാലിന്യങ്ങൾ വഴിയിൽ ഉപേക്ഷിക്കുന്നവരെ കണ്ടെത്തി ശിക്ഷാ നടപടികൾ സ്വീകരിക്കണമെന്നും സ്ഥാപനങ്ങൾ വീഴ്ച വരുത്തുകയാണെങ്കിൽ ലൈസൻസ് സസ്‌പെൻഡ് ചെയ്യണമെന്നതുൾപ്പടെയുള്ള നിർദേശങ്ങളും ഡിവിഷൻ ബെഞ്ച് മുന്നോട്ട് വച്ചിട്ടുണ്ട്. ആദ്യ ഘട്ടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ ഇടപെടലുകൾ ഉണ്ടാകില്ലെങ്കിലും മറ്റ് സർക്കാർ സംവിധാനങ്ങൾ പരാജയപ്പെടുകയാണെങ്കിൽ പോലീസിനെയും നടപടി ക്രമങ്ങൾ പൂർത്തീകരിക്കുന്നതിനായി ഉൾപ്പെടുത്തുമെന്ന് കോടതി വ്യക്തമാക്കി.

പൊതുവായ മാലിന്യ സംസ്‌കരണം ഉറപ്പാക്കുന്നതിനായി നടപടികൾ സ്വീകരിച്ച് അറിയിക്കുന്നതിന് കോടതി സർക്കാരിന് സമയം അനുവദിച്ചിട്ടുണ്ട്. എന്നാൽ അടുത്ത മാസം മൂന്നിന് കേസ് വീണ്ടും പരിഗണിക്കുമ്പോൾ എല്ലാക്കാര്യത്തിലും വ്യക്തത ആവശ്യമാണെന്നും ഇനി സമയം അനുവദിക്കില്ലെന്നും കോടതി സർക്കാരിന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

 

Share
Leave a Comment