തിരുവനന്തപുരം: ഡിസിസി സെക്രട്ടറിയുടെ വീട്ടിൽ ഇഡി റെയ്ഡ്. ഡിസിസി സെക്രട്ടറി നാദിറ സുരേഷിന്റെ വീട്ടിലാണ് റെയ്ഡ് നടക്കുന്നത്. തിരുവനന്തപുരം ആനറയിലെ വീട്ടിലാണ് റെയ്ഡ്. വിവാദ വ്യവസായി ഫാരിസ് അബൂബക്കറിന്റെ കള്ളപ്പണയിടപാടുമായി ബന്ധപ്പെട്ട കേസിലാണ് നാദിറ സുരേഷിന്റെ വീട്ടിൽ റെയ്ഡ് നടക്കുന്നത്.
ഫാരിസ് അബുബക്കറിന്റെ ബിനാമിയാണ് നാദിറയുടെ ഭർത്താവ് സുരേഷ്. ഇതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന. വീട്ടിൽ നിന്നും ഇഡി രേഖകൾ പിടിച്ചെടുത്തിട്ടുണ്ട്. എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിന് പുറമെ ആദായ നികുതി വകുപ്പും വീട്ടിൽ പരിശോധന നടത്തുന്നുണ്ട്. ഫാരിസിന്റെ ഭൂമിയിടപാടുകൾക്ക് കള്ളപ്പണ ഇടപാട് നടന്നെന്ന വിവരങ്ങളെ തുടർന്നാണ് അന്വേഷണം.
കഴിഞ്ഞ ദിവസം, ഫാരിസ് അബൂബക്കറിന്റെ വീട്ടിലും ഓഫീസുകളിലും ആദായനികുതി വകുപ്പ് പരിശോധന നടത്തിയിരുന്നു. ചെന്നൈയിൽ നിന്നുള്ള പ്രത്യേക സംഘം വിവിധ സംഘങ്ങളായി തിരിഞ്ഞ് ഒരേ സമയത്തായിരുന്നു പരിശോധന നടത്തിയത്. ഫാരിസ് അബൂബക്കറിന്റെ കൊയിലാണ്ടി നന്ദി ബസാറിലെ വീട്ടിലും രാജ്യത്തെ വിവിധ കേന്ദ്രങ്ങളിലുള്ള ഓഫീസുകളിലും പരിശോധന നടത്തി. നന്ദി ബസാറിലെ വീട്ടിൽ ഫാരിസിന്റെ ബന്ധുക്കളുടെ സാന്നിധ്യത്തിലായിരുന്നു പരിശോധന.
Comments