ആധാർ കാർഡും വോട്ടർ ഐഡിയും ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി ഒരു വർഷത്തേക്ക് കൂടി നീട്ടി കേന്ദ്രസർക്കാർ. 2024 മാർച്ച് 31-ആണ് ആധാറും വോട്ടർ ഐഡിയും ബന്ധിപ്പിക്കുന്നതിനുള്ള പുതുക്കിയ സമയപരിധി. ഒരു വ്യക്തി ഒന്നിലധികം മണ്ഡലങ്ങളിലോ ഒരേ മണ്ഡലങ്ങളിലോ വോട്ടർ പട്ടികയിൽ വരുന്നത് തടയുന്നതിനാണ് പ്രധാനമായും ആധാറും വോട്ടർഐഡിയും ബന്ധിപ്പിക്കുന്നത്.
2023 ഏപ്രിൽ ഒന്ന് വരെയായിരുന്നു നേരത്തെ നൽകിയ സമയപരിധി. ആധാറും വോട്ടർ ഐഡിയും ബന്ധിപ്പിക്കുന്നത് സർക്കാർ നിലവിൽ നിർബന്ധമാക്കിയിട്ടില്ലെങ്കിലും ഭാവിയിൽ നിർബന്ധമാക്കാനാണ് സാധ്യത. ലിങ്കിംഗ് ഓൺലൈനായോ എസ്എംഎസ് വഴിയോ ചെയ്യാവുന്നതാണ്.
ഓൺലൈനിൽ വോട്ടർ ഐഡിയും ആധാർ കാർഡുമായി ബന്ധിപ്പിക്കുന്നതിനുള്ള വഴിയിതാ..
* നാഷണൽ വോട്ടേഴ്സ് സർവീസ് പോർട്ടലിന്റെ (NVSP) ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക – nvsp.in
* പോർട്ടലിൽ ലോഗിൻ ചെയ്ത് ഹോംപേജിലെ ‘തിരഞ്ഞെടുപ്പ് റോളിൽ തിരയുക’ എന്ന ഓപ്ഷനിലേക്ക് പോകുക.
* വ്യക്തിഗത വിശദാംശങ്ങളും ആധാർ നമ്പറും നൽകുക.
* ആധാർ വിശദാംശങ്ങൾ നൽകിയ ശേഷം, രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലോ ഇമെയിലിലോ ഉപയോക്താക്കൾക്ക് OTP ലഭിക്കും.
* തുടർന്ന് OTP നൽകുക. തുടർന്ന് വോട്ടർ ഐഡി കാർഡ് ആധാർ കാർഡുമായി ബന്ധിപ്പിക്കും.
ആധാർ ഓൺലൈനായി പൂരിപ്പിക്കുന്നതിന് ECI/CEO വെബ്സൈറ്റുകളിലും GARUDA, NVSP, VHA മുതലായവയിലും ഫോം 6B ലഭ്യമാണ്. ഓഫ്ലൈൻ വഴി തിരഞ്ഞെടുക്കുന്നവർക്ക് 6 ബി ഫോമിന്റെ ഹാർഡ് കോപ്പി ബൂത്ത് ലെവൽ ഓഫീസർമാർക്ക് സമർപ്പിക്കാം. ശേഖരിച്ച ഫോമുകൾ ലഭിച്ച് ഏഴ് ദിവസത്തിനകം ഡിജിറ്റൈസ് ചെയ്യാൻ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ട്.
Comments