നിരോധിത സംഘടനയിലെ അംഗത്വം യുഎപിഎ പ്രകാരം കുറ്റകരം; 2011-ലെ വിധി റദ്ദാക്കി സുപ്രീംകോടതി

Published by
Janam Web Desk

ന്യൂഡൽഹി: നിരോധിത സംഘടനയിൽ അംഗത്വമുണ്ടെന്ന ഒറ്റ കാരണത്താൽ യുഎപിഎ ചുമത്താൻ ആകില്ലെന്ന മുൻ ഉത്തരവ് റദ്ദാക്കി സുപ്രീം കോടതി. കുറ്റകൃത്യത്തിൽ ഏർപ്പെട്ടില്ലെങ്കിലും നിരോധിത സംഘടനയിൽ അംഗത്വമുണ്ടെങ്കിൽ അവർക്കെതിരെ നടപടിയെടുക്കാമെന്ന യുഎപിഎ നിയമത്തിലെ 10 (എ) (ഐ) വകുപ്പ് സുപ്രീംകേടതി ശരിവെച്ചു. ഈ വകുപ്പ് ഭരണഘടനയുടെ 19 (1)(എ), 19(2) എന്നീ അനുച്ഛേദങ്ങളുടെ ലംഘനമല്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. ജസ്റ്റിസ് എംആർ ഷാ അദ്ധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്റേതാണ് സുപ്രധാന വിധി.

2011-ലെ വിധിയ്‌ക്കെതിരെ കേന്ദ്രം നൽകിയ പുനഃപരിശോധന ഹർജിയിലാണ് സുപ്രീംകോടതി വിധി. അരൂപ് ഭുയൻ വേഴ്‌സസ് സ്റ്റേറ്റ് ഓഫ് അസം, ഇന്ദ്ര ദാസ് വേഴ്‌സസ് സ്റ്റേറ്റ് ഓഫ് ്‌സം, റനീഫ് വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള എന്നീ വിധികളാണ് റദ്ദാക്കിയത്. 2011-ൽ ഈ കേസുകളിലെ വാദങ്ങളിൽ ജസ്റ്റിസുമാരായ മാർക്കണ്ഡേയ കട്ജു, ഗ്യാൻ സുധാ മിശ്ര എന്നിവരടങ്ങുന്ന ബെഞ്ചാണ് അംഗത്വം കുറ്റകരമല്ലെന്ന വിധി പ്രഖ്യാപിച്ചത്. നിരോധിത സംഘടനകളിലെ സജീവ പ്രവർത്തകർക്കെതിരെ മാത്രമേ പ്രോസിക്യൂഷൻ നടപടികൾ പാടുള്ളൂവെന്നും അംഗത്വം ഉണ്ടെന്ന കാരണത്താൽ കേസെടുക്കാൻ കഴിയില്ലെന്നുമായിരുന്നു 2011-ൽ സുപ്രീംകോടതി വിധിച്ചിരുന്നത്.

അമേരിക്കൻ കോടതികൾ പുറപ്പെടുവിക്കുന്ന വിധികൾ അന്ധമായി പിന്തുടർന്ന് സുപ്രീംകോടതി ഉത്തരവുകൾ ഇറക്കരുതെന്നായിരുന്നു കേന്ദ്ര സർക്കാർ സുപ്രീംകോടതിയിൽ ആവശ്യപ്പെട്ടിരുന്നത്. ഇന്ത്യയിലെ സാഹചര്യങ്ങൾ വ്യത്യസ്തമാണെന്നും, അതിനാൽ അമേരിക്കൻ ഭരണഘടനയും വിധികളും അടിസ്ഥാനമാക്കി മൗലിക അവകാശവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ഉത്തരവിറക്കരുതെന്നും കേന്ദ്രം ആവശ്യപ്പെട്ടിരുന്നു. ഇതിന്് പിന്നാലെയാണ് സുപ്രീംകോടതിയുടെ സുപ്രധാന വിധി.

 

 

 

Share
Leave a Comment