ന്യൂഡൽഹി: രാഹുൽ ഗാന്ധിയെ അയോഗ്യനാക്കി വിജ്ഞാപനം പുറത്തിറക്കിയതോടെ രാഹുൽ ഗാന്ധി ദില്ലിയിലെ ഔദ്യോഗിക വസതി ഉടൻ ഒഴിയേണ്ടി വരും. ഒരു മാസത്തിനകം വീടൊഴിയാൻ ആവശ്യപ്പെട്ടായിരിക്കും നോട്ടീസ് നൽകുക. 2004 ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ വിജയിച്ചതോടെയാണ് രാഹുൽ ഗാന്ധിയ്ക്ക് താമസിക്കാനായി 12,
തുഗ്ലക്ക് ലെെൻ ബംഗ്ലാവ് അനുവദിച്ച് നൽകിയത്.
ഒപ്പം തന്നെ വയനാട് ഉപതെരഞ്ഞെടുപ്പ് നടത്താൻ നിലവിൽ തടസ്സമില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. നിയമ വിദഗ്ധരുമായി ആലോചിച്ചെടുത്ത തീരുമാനമെന്നാണ് കമ്മീഷൻ വ്യക്തമാക്കുന്നത്. ഇത് പ്രകാരം ഒരു മണ്ഡലവും ഒഴിച്ചിടേണ്ടതില്ലെന്നാണ് കമ്മീഷന്റെ നിലപാട്.
കഴിഞ്ഞ ദിവസമാണ് രാഹുൽ ഗാന്ധിയെ അയോഗ്യനാക്കി ലോക്സഭ സെക്രട്ടറിയേറ്റ് വിജ്ഞാപനം പുറത്തിറക്കിയത്. ജാതി അധിക്ഷേപ കേസിൽ കോടതി ശിക്ഷ വിധിച്ചത് കണക്കിലെടുത്താണ് സെക്രട്ടറിയേറ്റ് വിജ്ഞാപനം പുറത്തിറക്കിയിരിക്കുന്നത്. കോടതി വിധി പുറത്തുവന്ന വ്യാഴാഴ്ച മുതൽ അയോഗ്യത പ്രാബല്യത്തിൽ വന്നതായി വിജ്ഞാപനത്തിൽ വ്യക്തമാക്കുന്നു.
പിന്നാക്ക വിഭാഗമായ മോദി സമുദായത്തിനെതിരെ അധിക്ഷേപ പരാമർശം നടത്തിയതിന് കഴിഞ്ഞ ദിവസമാണ് രാഹുൽ ഗാന്ധിക്ക് രണ്ട് വർഷം ശിക്ഷവിധിച്ചത്. ഗുജറാത്തിലേ സൂറത്ത് കോടതിയുടേതായിരുന്നു വിധി. വാക്കാലോ രേഖാമൂലമോയുള്ള അപകീർത്തിപ്പെടുത്തൽ നടന്നതായി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ ഐപിസി 499, 500 വകുപ്പുകൾ പ്രകാരമാണ് വിധി.
2019 ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി കർണാടകയിലെ കോലാറിൽ നടന്ന റാലിയിലാണ് മോദി സമുദായത്തെ രാഹുൽ ഗാന്ധി അപമാനിച്ചത്. എല്ലാ കള്ളന്മാർക്കും എങ്ങനെയാണ് മോദി സമുദായത്തിൽ നിന്നു വരുന്നത് എന്നായിരുന്നു രാഹുലിന്റെ പരാമർശം. 2019 ഏപ്രിൽ 13-നാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെ ലക്ഷ്യം വച്ചുകൊണ്ട് രാഹുൽ ഗാന്ധി മോദി സമുദായത്ത അപമാനിച്ചത്. ബിജെപി നേതാവ് പൂർണേഷ് മോദിയാണ് കോടതിയിൽ കേസ് നൽകിയത്.
അതേസമയം അമ്പത്തിരണ്ട് വയസ്സു കഴിഞ്ഞിട്ടും തനിക്ക് സ്വന്തമായി ഒരു വീടില്ലെന്ന് രാഹുൽ ഗാന്ധി നേരത്തെ പറഞ്ഞത് വലിയ വാർത്തയായിരുന്നു. ഭാരത് ജോഡോ യാത്ര കശ്മീരിൽ എത്തിയപ്പോൾ അതൊരു വീടായി തോന്നിയെന്നും, ഭാരത് ജോഡോ യാത്രയിലൂടെ ഒരുപാട് കാര്യങ്ങൾ തനിക്ക് പഠിക്കാൻ കഴിഞ്ഞെന്നും രാഹുൽ പറഞ്ഞു. കർഷകരുൾപ്പെടയുള്ള എല്ലാ ജനവിഭാഗങ്ങളുടെയും പ്രശ്നങ്ങൾ കേട്ടു. ഇന്ത്യയ്ക്കു വേണ്ടിയാണ് കന്യാകുമാരി മുതൽ കശ്മീർ വരെ താൻ നടന്നതെന്നും രാഹുൽ ഗാന്ധി അവകാശപ്പെട്ടു. കോൺഗ്രസ് പാർട്ടിയുടെ 85-ാം പ്ലീനറി സമ്മേളനത്തിലായിരുന്നു രാഹുലിന്റെ വാദം.
Comments