ലക്നൗ: സംസ്ഥാനത്ത് കന്നുകാലി സംരക്ഷണത്തിനായി 520 മൊബൈൽ വെറ്ററിനറി യൂണിറ്റുകൾ ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഉത്തർപ്രദേശിൽ ബിജെപി സർക്കാർ 6 വർഷം പൂർത്തിയാക്കുന്ന വേളയിലാണ് കഴിഞ്ഞ ദിവസം മൊബൈൽ വെറ്ററിനറി യൂണിറ്റുകളുടെ ഉദ്ഘാടനം മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിർവഹിച്ചത്. ചടങ്ങിൽ കേന്ദ്ര ഫിഷറീസ്, മൃഗസംരക്ഷണ മന്ത്രി പർശോത്തം രൂപാല വിശിഷ്ടാതിഥിയായിരുന്നു. സംസ്ഥാനത്തെ കന്നുകാലികർഷകർക്ക് പ്രയോജനപ്പെടുന്നതിനാണ് ഈ പദ്ധതി ആരംഭിച്ചിരിക്കുന്നത്.
കന്നുകാലികൾക്ക് വൈദ്യസഹായം ലഭിക്കാൻ 1962 എന്ന നമ്പറിൽ വിളിച്ചാൽ മൊബൈൽ മെഡിക്കൽ വാഹനങ്ങൾ വീട്ടിലെത്തും. ഈ പദ്ധതിക്കായി കേന്ദ്രസർക്കാർ 202 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഈ സംഘം മൃഗങ്ങളുടെ രോഗനിർണയം, ചികിത്സ, ചെറിയ ശസ്ത്രക്രിയ എന്നിവ നടത്തും. ഇതിനായി സജ്ജീകരിച്ച വാഹനത്തിലായിരിക്കും സംഘം സഞ്ചരിക്കുക. ഈ പദ്ധതി ഉത്തർപ്രദേശിൽ പുതിയ മാറ്റം കൊണ്ടുവരുമെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു.
2014 മുതൽ പ്രധാനമന്ത്രി നരേന്ദ്രമോദി കർഷകരെയും വളർത്തുമൃഗങ്ങളെയും സഹായിക്കുന്നതിനായി വിവിധ പ്രഖ്യാപനങ്ങൾ നടത്തി. സംസ്ഥാനത്തുടനീളം ഗോസംരക്ഷണ കേന്ദ്രങ്ങൾ ഇതിനകം പ്രവർത്തിക്കുന്നുണ്ട്. സംസ്ഥാനത്തൊട്ടാകെ 12 ലക്ഷത്തോളം പശുക്കൾ തെരുവിലുണ്ട്. 6,600 പശു സംരക്ഷണ കേന്ദ്രങ്ങളാണ് ഇവ പരിപാലിക്കുന്നത്. അതുപോലെ പരിപാലനച്ചെലവിനായി നമ്മുടെ സർക്കാർ ഒരു പശുവിന് ഏകദേശം 900 രൂപ നൽകുന്നുണ്ടെന്ന യോഗി ചൂണ്ടിക്കാട്ടി.
ഇതിനുപുറമെ പശുക്കളെ അടിസ്ഥാനമാക്കിയുള്ള ജൈവകൃഷി പ്രോത്സാഹിപ്പിക്കാനും സംസ്ഥാന സർക്കാർ നിരന്തരം ശ്രമിക്കുന്നു. ഈ സാഹചര്യത്തിലാണ് ചാണകത്തിൽ നിന്ന് പെയിന്റ് കണ്ടെത്തിയത്. ഈ പദ്ധതികൾക്കെല്ലാം പുറമേ ഒരു മൊബൈൽ വെറ്ററിനറി ക്ലിനിക്ക് സൃഷ്ടിച്ചു. ദൂരെയുള്ള കന്നുകാലി വളർത്തുന്നവർക്ക് ഇത് ഗുണം ചെയ്യും. ഈ പദ്ധതി കൃത്യമായി ഉപയോഗിച്ചാൽ വരും ദിവസങ്ങളിൽ കർഷകരുടെ വരുമാനം ഇരട്ടിയാകുമെന്നതിൽ സംശയമില്ല. പശുക്കളുടെ ചർമ്മമുഴ രോഗം നിയന്ത്രിക്കുന്നത് ഒരു കാലത്ത് വെല്ലുവിളിയായിരുന്നു. എന്നാൽ ഇപ്പോൾ പൂർണമായും നിയന്ത്രണത്തിലാണ്. ഈ മൊബൈൽ മെഡിക്കൽ സേവനം പൂർണ്ണമായും സൗജന്യമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
ഉത്തർപ്രദേശിൽ യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ അധികാരത്തിൽ വന്നിട്ട് 6 വർഷം തികയുകയാണ്. ഈ 6 വർഷത്തിനിടെ മുഖ്യമന്ത്രി വിവിധ പദ്ധതികൾ പ്രഖ്യാപിച്ചു. മാത്രമല്ല 6 വർഷം തുടർച്ചയായി ആരും തന്നെ ഈ ഉത്തർപ്രദേശിൽ മുഖ്യമന്ത്രിയായിട്ടില്ല. ഈ റെക്കോർഡാണ് യോഗി ആദിത്യനാഥ് തകർത്തത്. അതുകൊണ്ട് തന്നെ ബിജെപി ഇത് വലിയ രീതിയിൽ ആഘോഷിക്കുകയാണ്. ക്ഷേമപദ്ധതികൾ സംഘടിപ്പിച്ചും പുതിയ പദ്ധതികൾ പ്രഖ്യാപിച്ചിരിക്കുകയുമാണ് സർക്കാർ.
Comments