കൊച്ചി: മലയാളക്കരയുടെ പ്രിയപ്പെട്ട ഇന്നച്ചന് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി. മലയാളികളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത പ്രശസ്ത നടനും ചാലക്കുടി മുൻ എംപിയുമായ ഇന്നസെന്റിന്റെ സംസ്‌കാരം ഇന്ന്. ചൊവ്വാഴ്ച രാവിലെ 10 മണിക്ക് ഇരിങ്ങാലക്കുട കത്തീഡ്രൽ പള്ളി സെമിത്തേരിയിലാണ് സംസ്‌കാരം.
അഞ്ച് പതിറ്റാണ്ട് മലയാളികളുടെ ജീവിതത്തിൽ നർമ്മവും സൗഹൃദവും നിറച്ച ഇന്നസെന്റിന് കലാകേരളം വിട ചൊല്ലും. കഴിഞ്ഞ ദിവസം കൊച്ചിയിലെ കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിലും പിന്നീട് ജന്മനാടായ ഇരിങ്ങാലക്കുടയിലെ ടൗൺ ഹാളിലും പൊതുദർശനത്തിന് എത്തിച്ച മൃതദേഹത്തിൽ ആയിരക്കണക്കിന് ജനങ്ങളാണ് ആദരാഞ്ജലി അർപ്പിച്ചത്.
ഇന്നസെന്റിന്റെ നിര്യാണത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചിച്ചു. പ്രേക്ഷകരുടെ ജീവിതത്തിൽ നർമ്മം നിറച്ച അദ്ദേഹം ജനങ്ങളുടെ ഓർമ്മകളിൽ നിറഞ്ഞുനിൽക്കുമെന്ന് പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു. അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ദുഖത്തിൽ പങ്കുചേരുന്നതായും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.കേന്ദ്ര വാർത്താപ്രക്ഷേപണ വകുപ്പ് മന്ത്രി അനുരാഗ് താക്കൂറും അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിച്ചു. നർമ്മം കൊണ്ട് അദ്ദേഹം ജനങ്ങളുടെ ജീവിതം നിറച്ചെന്ന് അനുരാഗ് പറഞ്ഞു. കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും ദുഖത്തിൽ പങ്കുചേരുന്നതായും അദ്ദേഹം ട്വീറ്റ് ചെയ്തു.
മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്രമന്ത്രി വി. മുരളീധരൻ, ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ തുടങ്ങിയവർ അദ്ദേഹത്തിന് അനുശോചനം രേഖപ്പെടുത്തി. കലാ രാഷ്‌ട്രീയ സാംസ്‌കാരിക രംഗത്തുള്ള ഒട്ടേറെ പ്രമുഖരാണ് പ്രിയപ്പെട്ട ഇന്നസെന്റിനെ അവസാനമായി ഒരുനോക്ക് കാണാൻ എത്തിയത്. പ്രിയപ്പെട്ട താരത്തിന്റെ വിയോഗ വേദനയിൽ മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി, ദിലീപ്, ജയറാം ഉൾപ്പടെ ചലച്ചിത്രലോകം ഒന്നടങ്കം വിങ്ങിപ്പൊട്ടുകയാണ്. രാഷ്‌ട്രീയ മേഖലയിലെ ഒട്ടേറെ പ്രമുഖരാണ് ഇന്നസെന്റിന് അന്ത്യാഞ്ജലി നേരാൻ എത്തിയത്.
മലയാള ചലച്ചിത്ര സാംസ്‌കാരിക രാഷ്‌ട്രീയ രംഗത്തെ നിറ സാന്നിധ്യമായിരുന്നു ഇന്നസെന്റ്. മാർച്ച് 26-ന് രാത്രിയാണ് അദ്ദേഹം അന്തരിച്ചത്. ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ചികിത്സയിൽ കഴിയവേയാണ് അന്ത്യം. കഴിഞ്ഞ ഒരാഴ്ചയായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം. ശ്വാസകോശത്തിലുണ്ടായ അണുബാധയാണ് ആരോഗ്യസ്ഥിതി മോശമാകാൻ കാരണമായത്. 75 വയസ്സായിരുന്നു.
1972-ൽ പുറത്തിറങ്ങിയ നൃത്തശാലയാണ് ആദ്യ ചിത്രം. നിർമ്മാതാവ് എന്ന നിലയിൽ സിനിമയിൽ എത്തി. പിൽക്കാലത്ത് ഹാസ്യനടനായും സ്വഭാവനടനായും ശ്രദ്ധ പിടിച്ചുപറ്റി. സവിശേഷമായ ശരീരഭാഷയും തൃശൂർ ശൈലിയിലുള്ള സംഭാഷണവും ഇന്നസെൻറിന്റെ സവിശേഷതകളാണ്. 750 ഓളം ചിത്രങ്ങളിലാണ് അദ്ദേഹം അഭിനയിച്ചിട്ടുള്ളത്. ഗജകേസരിയോഗം, റാംജിറാവു സ്പീക്കിംഗ്, ഡോക്ടർ പശുപതി, മാന്നാർ മത്തായി സ്പീക്കിംഗ് തുടങ്ങിവയാണ് അദ്ദേഹത്തിന്റെ ശ്രദ്ധേയ ചിത്രങ്ങൾ.
സിനിമയ്‌ക്കൊപ്പം രാഷ്‌ട്രീയത്തിലും വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയായിരുന്നു ഇന്നസെന്റ്. 2014 ൽ ചാലക്കുടിയിൽ നിന്നും എൽഡിഎഫ് പിന്തുണയോടെ ലോക്‌സഭയിലെത്തി. 2013-ൽ അദ്ദേഹത്തിന് ക്യാൻസർ പിടിപ്പെട്ടിരുന്നു. എന്നാൽ കൃത്യമായ ചികിത്സയിലൂടെ ഇന്നസെന്റ് ജീവിതത്തിലേക്ക് തിരിച്ചു വരുകയായിരുന്നു. തുടർന്ന് ക്യാൻസർ കാലത്തെ അനുഭവങ്ങളെക്കുറിച്ച് ‘കാൻസർ വാർഡിലെ ചിരി’ എന്ന പുസ്തകം എഴുതിയിരുന്നു. അദ്ദേഹം ഏറെക്കാലം ചലച്ചിത്ര അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ അദ്ധ്യക്ഷ സ്ഥാനവും അലങ്കരിച്ചിരുന്നു.
















Comments