ന്യൂഡൽഹി: ഭോപ്പാൽ-ന്യൂഡൽഹി വന്ദേ ഭാരത് എക്സ്പ്രസ് ഏപ്രിൽ ഒന്നിന് പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്ളാഗ് ഓഫ് ചെയ്യും. ഭോപ്പാലിലെ റാണി കമലപതി റെയിൽവേ സ്റ്റേഷനും ന്യൂഡൽഹി റെയിൽവേ സ്റ്റേഷനും ഇടയിൽ സർവീസ് നടത്തുന്ന ഈ പുതിയ ട്രെയിൻ രാജ്യത്തെ പതിനൊന്നാമത്തെ വന്ദേ ഭാരത് ട്രെയിനാകും.
‘പ്രധാനമന്ത്രി നരേന്ദ്രമോദി മദ്ധ്യപ്രദേശ് സന്ദർശിക്കും. ഏപ്രിൽ ഒന്നിന് ഭോപ്പാൽ സന്ദർശിക്കുന്ന വേളയിൽ അദ്ദേഹം സംസ്ഥാനത്തെ ജനങ്ങൾക്ക് വന്ദേ ഭാരത് എക്സ്പ്രസിന്റെ രൂപത്തിൽ വലിയ സമ്മാനം നൽകും. റാണി കമലാപതി സ്റ്റേഷനിൽ നിന്ന് അദ്ദേഹം ഫ്ളാഗ് ഓഫ് ചെയ്യുമെന്ന്’ മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ പറഞ്ഞു.
തദ്ദേശീയമായി രൂപകൽപ്പന ചെയ്ത വന്ദേ ഭാരത് ട്രെയിനിൽ അത്യാധുനിക യാത്രാ സൗകര്യങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്. വന്ദേ ഭാരത് എക്സ്പ്രസ് റെയിൽ ഉപഭോക്താക്കൾക്ക് വേഗമേറിയതും സുഖകരവും സൗകര്യപ്രദവുമായ യാത്രാനുഭവം പ്രദാനം ചെയ്യുകയും, ടൂറിസം വർദ്ധിപ്പിക്കുകയും മേഖലയിലെ സാമ്പത്തിക വികസനം പ്രോത്സാഹിപ്പിക്കുകയും ചെയ്യും.
അന്നേദിവസം തന്നെ ത്രിദിന സംയുക്ത സൈനിക ഉദ്യോഗസ്ഥരുടെ സമ്മേളനത്തിലും പ്രധാനമന്ത്രി പങ്കെടുക്കും. ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ജനറൽ അനിൽ ചൗഹാൻ, ഇന്ത്യൻ ആർമി ചീഫ് ജനറൽ മനോജ് പാണ്ഡെ, നേവി ചീഫ് അഡ്മിറൽ ആർ ഹരി കുമാർ, എയർ ചീഫ് മാർഷൽ വി ആർ ചൗധരി എന്നിവരടക്കമുള്ള ഉന്നത ഉദ്യോഗസ്ഥർ പ്രധാനമന്ത്രിക്കൊപ്പമുണ്ടാകും.
Comments