കൊച്ചി : ഇനി മുതൽ ജയിലുകളിൽ നിന്ന് സാനിട്ടറി പാഡുകളും ലഭ്യമാകും. ഫ്രീഡം കെയർ എന്ന പേരിൽ വനിത തടവുകാരുടെ പുനരധിവാസം ലക്ഷ്യമിട്ടാണ് പദ്ധതി. നിലവിൽ എറണാകുളം ജില്ലാ ജയിലിലാണ് തുടക്കമായിരിക്കുന്നത്. കുറഞ്ഞ നിരക്കിൽ സാനിട്ടറി പാഡുകൾ വിപണിയിലെത്തിക്കാനുള്ള ശ്രമം വിജയിക്കുന്നതിനനുസരിച്ച് മറ്റ് ജയിലുകളിലും പദ്ധതി നടപ്പിലാക്കാനാണ് പദ്ധതി.
കാക്കനാട് ജില്ലാ ജയിലിലെ അന്തേവാസികൾ തന്നെയാണ് ഫ്രീഡം കെയറിന്റെ ആദ്യ ഉപഭോക്താക്കൾ. ഷിഫ്റ്റ് അടിസ്ഥാനത്തിൽ മുഴുവൻ വനിതാ തടവുകാരുടെയും പങ്കാളിത്തവും ഉറപ്പാക്കുന്നു. ഇതിലൂടെ റിമാൻഡ് കാലാവധി നീണ്ടുപോകും വരെ നാലു ചുമരുകൾക്കുള്ളിലെ അടച്ചിരുപ്പും, ജയിലിൽ നിന്ന് മോചനമില്ലെങ്കിലും ചിന്തകളുടെ തടവറയിൽ നിന്ന് ഇറങ്ങിനടക്കുന്നതിന്റെ ആശ്വാസത്തിലാണ് വനിത അന്തേവാസികൾ. സ്ത്രീകൾക്ക് ഏറെ ആവശ്യമുളള സാനിട്ടറി പാഡ് നിർമ്മിക്കുന്നതിലും ഇവർ സംതൃപ്തിയിലാണ്.
അതേസമയം ഏറ്റവും കുറഞ്ഞ നിരക്കിൽ പാഡുകൾ വിപണിയിലെത്തിക്കുന്ന തരത്തിലാണ് പദ്ധതി. ഇതിനായുള്ള നടപടികൾ വ്യവസായ വകുപ്പ് തുടങ്ങി. കൊച്ചിൻ ഷിപ്യാർഡിന്റെ 12 ലക്ഷം രൂപ സിഎസ്ആർ ഫണ്ടാണ് സാമ്പത്തിക പിന്തുണ നൽകിയത്. ഒരു മാസത്തെ പരിശീലനത്തിൽ മാത്രം രണ്ടായിരത്തിലേറെ പാഡുകളാണ് തയ്യാറാക്കിയത്. കൂടുതൽ വനിത സ്ഥിരം അന്തേവാസികളുള്ള തിരുവനന്തപുരം, തൃശൂർ, കണ്ണൂർ ജയിലുകളിൽ പദ്ധതി നടപ്പിലാക്കാനുള്ള തീരുമാനത്തിലാണ് ജയിൽവകുപ്പ്. ഫ്രീഡം ചപ്പാത്തി പോലെ ഫ്രീഡം കെയറും ഒരു ബ്രാൻഡായി മാറാൻ തയ്യാറെടുക്കുകയാണ്.
Comments