പട്ന: രാമനവമി ദിനത്തിൽ ബിഹാറിലുണ്ടായ സംഘർഷ സാഹചര്യങ്ങളിൽ ഇടപെട്ട് കേന്ദ്രം. ബീഹാർ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി. സംസ്ഥാനത്തെ നിലവിലെ സ്ഥിതിഗതികൾ ഗവർണർ അമിത് ഷായെ ധരിപ്പിച്ചു. രാമനവമി ഘോഷയാത്രയ്ക്കിടെ വിവിധ ഇടങ്ങളിൽ സംഘർഷം തുടരുന്നതിനിടെയായിരുന്നു ആഭ്യന്തര മന്ത്രിയുടെ ഈ നിർണ്ണായക സന്ദർശനം.
അക്രമത്തെ തുടർന്നുണ്ടായ സാഹചര്യം കൈകാര്യം ചെയ്യുന്നതിൽ സംസ്ഥാന സർക്കാരിനെ സഹായിക്കാൻ കൂടുതൽ അർദ്ധസൈനിക വിഭാഗങ്ങളെ ബീഹാറിലേക്ക് അയക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചു. നവാഡയിൽ പൊതുസമ്മേളനത്തിലും അമിത് ഷാ പങ്കെടുക്കും. പ്രവർത്തകരെ അദ്ദേഹം അഭിസംബോധന ചെയ്ത് സംസാരിക്കും.
സന്ദർശനത്തിന്റെ ഭാഗമായി സസാറാം, നവാഡ ഉൾപ്പടെ വിവിധ ഇടങ്ങളിൽ കനത്ത സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരുന്നു. രാമനവമി ദിനത്തിൽ വിവിധ മേഖലകളിൽ ഉണ്ടായ സംഘർഷ സാഹചര്യത്തിൽ കേന്ദ്രം ബിഹാർ സർക്കാരിനോട് റിപ്പോർട്ട് തേടുകയും ചെയ്തു. ഇന്നലെ വൈകുന്നേരം ബിഹാറിലെത്തിയ ആഭ്യന്തര മന്ത്രി സംസ്ഥാന ബിജെപി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അതേസമയം രാമനവമി ദിനത്തിൽ പശ്ചിമബംഗാളിലെയും ബിഹാറിലെയും വിവിധ മേഖലകളിലാണ് സംഘർഷങ്ങൾ ഉണ്ടായത്.
Comments