പാലക്കാട്: അട്ടപ്പാടി മധു വധക്കേസിൽ 14 പ്രതികൾ കുറ്റക്കാരെന്ന് കോടതി. രണ്ട് പേരെ വെറുതെ വിട്ടു. കുറ്റക്കാരെന്ന് കണ്ടെത്തിയവരുടെ ശിക്ഷ ബുധനാഴ്ച വിധിക്കും.
ഒന്നാം പ്രതി താവളം പാക്കുളം മേച്ചേരിയിൽ ഹുസൈൻ, രണ്ടാം പ്രതി കള്ളമല മുക്കാലി കിളയിൽ മരയ്‌ക്കാർ, മൂന്നാം പ്രതി കള്ളമല മുക്കാലി പൊതുവച്ചോല ഷംഷുദ്ദീൻ, അഞ്ചാം പ്രതി രാധാകൃഷ്ണൻ, ആറാം പ്രതി ആനമൂളി പള്ളിപ്പടി പൊതുവച്ചോല അബൂബക്കർസ ഏഴാം പ്രതി കള്ളമല മുക്കാലി പടിഞ്ഞാറെപ്പള കുരിക്കൾ വീട്ടിൽ സിദ്ദിഖ്, എട്ടാം പ്രതി കള്ളമല മപക്കാലി തൊട്ടിയിൽ ഉബൈദ്. ഒമ്പതാം പ്രതി മുക്കാലി വിരുത്തിയിൽ നജീബ്, പത്താം പ്രതി കള്ളമല മുക്കാലി മണ്ണംപറ്റ വീട്ടിൽ ജൈജുമോൻ, പന്ത്രണ്ടാം പ്രതി കള്ളമല കൊട്ടിയൂർക്കുന്ന് പുത്തൻപുരയ്‌ക്കൽ സജീവ്, പതിമൂന്നാം പ്രതി കള്ളമല മുക്കാലി മുരിക്കട സതീഷ്. പതിനാലാം പ്രതി മുക്കാലി ചെരുവിൽ ഹരീഷ്, പതിനഞ്ചാം പ്രതി മുക്കാലി ചെരുവിൽ ബിജു, പതിനാറാം പ്രതി വിരുത്തിയിൽ മുനീർ എന്നിവരാണ് പ്രതികളാണെന്ന് കോടതി വിധിച്ചത്. നാലാം പ്രതി കൽക്കണ്ടി കക്കുപ്പടി കുന്നത്ത് വീടി അനീഷ്, പതിനൊന്നാം പ്രതി കള്ളമല മുക്കാലി ചോലയിൽ അബ്ദുൾ കരീം എന്നിവരെയാണ് വെറുതെ വിട്ടത്.
2018 ഫെബ്രുവരി 22-നാണ് അട്ടപ്പാടി ചിണ്ടേക്കി ഊരിലെ മല്ലന്റെയും മല്ലിയുടെയും മകൻ മധു അരി മോഷ്ടിച്ചെന്ന് ആരോപിച്ച് ആൾക്കൂട്ട ആക്രമണത്തിനിരയായി കൊല്ലപ്പെട്ടത്. മാനസിക വെല്ലുവിളി നേരിടുന്ന മധു വീട്ടുക്കാരിൽ നിന്ന് അകന്ന് കാട്ടിലെ ഗുഹയിലാണ് താമസിച്ചിരുന്നത്. കള്ളനെന്ന് ആരോപിച്ച് മധു കാട്ടിൽ നിന്ന് പ്രതികൾ സംഘം ചേർന്ന് പിടികൂടി മുക്കാലിലെത്തിച്ചു. മുക്കാലിയിൽ എത്തിയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. അഗളിയിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തിച്ചപ്പോൾ മധു മരിച്ചു. പ്രതികളുടെ ആക്രണത്തിലേറ്റ പരിക്ക് മൂലമാണ് മധു കൊല്ലപ്പെട്ടതെന്നാണ് പ്രോസിക്യൂഷൻ കേസ്.
Comments