കോഴിക്കോട്: എലത്തൂർ ട്രെയിൻ തീവയ്പ്പ് കേസ് പ്രതി ഷാറൂഖ് സെയ്ഫിക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു. പ്രതിയെ നിലവിൽ കോഴിക്കോട് മെഡിക്കൽ കോളേജിലെ പോലീസ് സെല്ലിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഏഴ് മണിക്കൂറോളം നീണ്ട വൈദ്യ പരിശോധനയ്ക്ക് ശേഷം മെഡിക്കൽ ബോർഡ് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
മഹാരാഷ്ട്ര എടിഎസിന്റെ കസ്റ്റഡിയിൽ നിന്ന് ഷാരൂഖ് സെയ്ഫിയെ കോഴിക്കോട് എത്തിച്ചത് വ്യാഴാഴ്ച പുലർച്ചെ ആറ് മണിക്കായിരുന്നു. പ്രതിയ്ക്ക് പിന്നാലെ മാലൂർകുന്നിലെ പോലീസ് ക്യാമ്പിലേക്ക് ക്രമസമാധാന ചുമതലയുള്ള എഡിജിപി എം.ആർ അജിത്കുമാറും ഐജി നീരജ് ഗുപ്തയും ഉൾപ്പെടെയുള്ള ഉന്നത പോലീസ് സംഘവും എത്തി. തുടർന്ന് നാല് മണിക്കൂറിലേറെ സമയം നീണ്ട ചോദ്യം ചെയ്യൽ നടന്നു.
ഒടുവിൽ ഒരു പോലീസ് വാഹനത്തിൽ ഷാരൂഖ് സെയ്ഫിയെ മെഡിക്കൽ കോളേജിലെത്തിച്ചു. വൈദ്യ പരിശോധനയും ഫോറൻസിക് പരിശോധനയും ഏഴ് മണിക്കൂറോളം നീണ്ടു. പ്രതിയുടെ ആരോഗ്യ സ്ഥിതി മോശമാണെന്ന് കാണിച്ച് ആശുപത്രിയിൽ തുടരാൻ മെഡിക്കൽ സംഘം നിർദ്ദേശിച്ചു. പ്രാഥമിക ചോദ്യം ചെയ്യലിൽ പ്രതി കാര്യമായ സൂചനകളൊന്നും അന്വേഷണ സംഘത്തിന് നൽകിയില്ല. ആർക്ക് വേണ്ടി, എന്തിന് വേണ്ടി കുറ്റം നടത്തി എന്ന ചോദ്യങ്ങൾക്ക് വിദഗ്ധനായ കുറ്റവാളിയുടെ ലാഘവത്തോടെ പ്രതി ഒഴിഞ്ഞു മാറി. അന്വേഷണം സംബന്ധിച്ച് നിലവിൽ കൂടുതൽ ഒന്നും പ്രതികരിക്കാനില്ലെന്നായിരുന്നു ബിജെപിയുടെ പ്രതികരണം.
മെഡിക്കൽ സംഘത്തിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മാത്രമേ പ്രതിയെ കോടതിയിൽ ഹാജരാക്കുന്ന നടപടിയിലേക്ക് നീങ്ങൂ. വിശദമായ ചോദ്യം ചെയ്യൽ നടക്കണമെങ്കിൽ പോലീസിന് പ്രതിയെ കസ്റ്റഡിയിലെടുക്കണം. സംഭവത്തിലെ ദുരൂഹതകൾ അകലാൻ ഇനിയും കാത്തിരിക്കേണ്ടി വരുമെന്നാണ് സൂചന.
Comments