കൊല്ലം : തുമ്പിക്കൈ ഉപയോഗിച്ച് കുറച്ച് വെള്ളം കോരിയെടുത്ത് ദേഹം നനയ്ക്കണമെങ്കിൽ കൊമ്പ് മുറിയ്ക്കണമെന്ന അവസ്ഥയിലാണ് വെള്ളിമൺ കൊച്ചയ്യപ്പൻ. കൊമ്പുകൾ രണ്ടും വളർന്ന് കൂട്ടിമുട്ടിയതോടെ മാസങ്ങളോളമായി ഭക്ഷണം പോലും കഴിക്കാനാവാത്ത സാഹചര്യത്തിലാണ് ഇപ്പോൾ കൊച്ചയ്യപ്പൻ. കൊമ്പുകൾ മുറിയ്ക്കണമെന്ന ആവശ്യം ഉന്നയിച്ചുകൊണ്ട് വനം വകുപ്പിന് അപേക്ഷ നൽകിയിരുന്നു. എന്നാൽ അരിക്കൊമ്പനെ പിടികൂടുന്ന ദൗത്യം പൂർത്തിയായതിന് ശേഷം മാത്രമേ ആവശ്യം പരിഗണിക്കാൻ സാധിക്കുകയുള്ളു എന്നാണ് അധികൃതർ നൽകിയ മറുപടി.
കഷണങ്ങളാക്കി വായിലേക്ക് വെച്ചുകൊടുക്കുന്ന പട്ടയും പഴങ്ങളും മാത്രമാണ് കൊച്ചയ്യപ്പന് ഭക്ഷണമായി ലഭിക്കുന്നത്. കൊമ്പിനടിൽ നിന്ന് തുമ്പിക്കൈ പുറത്തെടുക്കാൻ കൊച്ചയ്യപ്പൻ ഏറെ പണിപ്പെടാറുണ്ട്. അതുകൊണ്ട് തന്നെ വെള്ളം കുടിക്കുന്നതിനും തുമ്പിക്കൈയിൽ കോരിയെടുത്ത് ദേഹത്തൊഴിക്കുന്നതിനും ഏറെ പ്രയാസമാണ്. ചൂടു കാലമായതിനാൽ കടുത്ത അസ്വസ്ഥതയിലാണ് കൊച്ചയ്യപ്പൻ.
രണ്ട് വർഷം മുമ്പ് ലോക്ഡൗൺ സമയത്തും ഇതുപോലെ കൊമ്പ് വളർന്ന് കൂട്ടിമുട്ടിരുന്നു. അന്ന് വനംവകുപ്പ് അധികൃതർ എത്തി കൊമ്പ് മുറിച്ച് മാറ്റുകയായിരുന്നു. മണിക്കൂറുകൾ എടുത്ത് സാവധാനത്തിൽ മാത്രമേ കൊമ്പിന്റെ നീളം കുറയ്ക്കാൻ കഴിയുകയുള്ളു. കൃത്യമായ അളവ് കണക്കാക്കി മുറിച്ചില്ലെങ്കിൽ വേദനയും മറ്റ് അസ്വസ്ഥതകളും അനുഭവപ്പെടും. ദുരിതത്തിൽ നിന്ന് കര കയറാനുള്ള കാത്തിരിപ്പിലാണ് കൊച്ചയ്യപ്പൻ.
Comments