തിരുവനന്തപുരം: ഈക്കഴിഞ്ഞ ദിവസം മുഖ്യമന്ത്രി നടത്തിയ ഇഫ്ത്താർ വിരുന്നിൽ ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫും ഉപലോകായുക്ത ജസ്റ്റിസ് ഹാറൂൺ അൽ റഷീദുംപങ്കെടുത്തു. ദുരിതാശ്വാസ നിധി ഫണ്ട് വകമാറ്റി ചിലവഴിച്ച കേസ് ഇപ്പോൾ ലോകായുക്തയുടെ പരിഗണനയിലാണ്. കഴിഞ്ഞ ദിവസം വിധി പ്രസ്താവം മാറ്റിവെയ്ച്ചിരുന്നു. തുടർന്ന് മുന്നംഗ ബഞ്ചിലേക്ക് കേസ് മാറ്റുകയായിരുന്നു.
വിരുന്നിൽ പങ്കെടുത്തത് വഴി ലോകായുക്തയിലെ വിശ്വാസം നഷ്ടപ്പെട്ടതായി കേസിലെ പരാതിക്കാരൻ ആർഎസ് ശശികുമാർ പറഞ്ഞു. ദുരിതാശ്വാസ ഫണ്ട് വകമാറ്റിയതിൽ മുഖ്യമന്ത്രിയ്ക്കെതിരെയുള്ള കേസ് 12ന് ലോകായുക്ത ഫുൾ ബെഞ്ച് പരിഗണിക്കാനിരിക്കെയാണ് വിരുന്നിലെ ലോകായുക്തയുടെ സാന്നിധ്യം. ഇതാണ് പരാതിക്കാരൻ ചോദ്യം ചെയ്യുന്നത്.
മുഖ്യമന്ത്രിയുടേയും ഗവർണറുടേയും വിരുന്നുകളിൽ ലോകായുക്ത പങ്കെടുക്കാറുണ്ടെന്നും ഇതെല്ലാം അനവശ്യവിവാദമാണെന്നും സർക്കാർ പറയുന്നത്. എന്നാൽ മുഖ്യമന്ത്രിയുടെ വിരുന്നിലെ ലോകായുക്ത സാന്നിധ്യം മറച്ചുവെക്കാൻ സർക്കാർ വലിയ ശ്രമമാണ് നടത്തുന്നത്. വിരുന്നിനെ കുറിച്ചുള്ള പിആർഡി വാർത്താകുറിപ്പിൽ പങ്കെടുത്തുവരുടെ കൂട്ടത്തിൽ ലോകായുക്തയുടെ പേര് ഇല്ല. ചാനലുകൾക്ക് പിആർഡി നൽകിയ ദൃശ്യങ്ങളിലും ലോകായുക്തയെ ഒഴിവാക്കിയിരുന്നു.
Comments