ന്യൂഡൽഹി: വിമാനത്താവളമെന്ന് തോന്നിക്കുന്ന തരത്തിലുള്ള സെക്കന്തരാബാദ് റെയിൽവേസ്റ്റേഷന്റെ രേഖാചിത്രങ്ങൾ പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ന് സെക്കന്തരാബാദ് റെയിൽവേ സ്റ്റേഷന്റെ തറക്കല്ലിടൽ ചടങ്ങിൽ പ്രധാനമന്ത്രി പങ്കെടുക്കുകയും വികസന പദ്ധതി രാജ്യത്തിന് വേണ്ടി സമർപ്പിക്കുകയും ചെയ്തു. 720 കോടി രൂപയുടെ ചിലവിൽ നടപ്പിലാക്കുന്ന റെയിൽവേ സ്റ്റേഷന്റെ പുനർവികസനം ലോകോത്തര സൗകര്യങ്ങളോടെു കൂടിയാണ് രാജ്യത്തിന് സമർപ്പിക്കുന്നത്.
അന്താരാഷ്ട്ര വിമാനത്താവളങ്ങളുടെ മാതൃകയിൽ യാത്രക്കാർക്ക് ഒട്ടനവധി സേവനങ്ങളാണ് റെയിൽവേ സ്റ്റേഷനിൽ നിന്ന് ലഭ്യമാകുക. നിർമാണ പ്രവർത്തനങ്ങൾ അതിവേഗത്തിൽ പുരോഗമിക്കുകയാണ്. പ്രധാനമന്ത്രിയുടെ നേതൃത്വത്തിലാണ് ഈ പദ്ധതി നടപ്പാക്കുന്നത്. രാജ്യത്തിലെ റെയിൽവേ സ്റ്റേഷനുകൾ അന്താരാഷ്ട്രതലത്തിൽ ഉയർത്തുന്നതിന്റെ ഭാഗമായാണ് സെക്കന്തരാബാദിലെ റെയിൽവേ സ്റ്റേഷന്റെ പുനർ വികസനം.
ഒരേ സമയം നിരവധി യാത്രക്കാർക്ക് ആവശ്യമായ എല്ലാ സേവനങ്ങളും നടപ്പിലാക്കുന്ന അടിസ്ഥാനവികസന പദ്ധതിയാണിതെന്ന് പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു. ഡബിൾ റൂഫ് പ്ലാസയും മൾട്ടിമോഡൽ കണക്ടിവിറ്റിയും യാത്രക്കാർക്ക് ലഭ്യമാകുമെന്ന് അധികൃതർ അറിയിച്ചു. 2022-ൽ രാജ്യത്തിലെ വിവിധ സംസ്ഥാനങ്ങളിലെ റെയിൽവേ സ്റ്റേഷനുകളുടെ പുനർ വികസന പദ്ധതികൾ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തിരുന്നു.
Comments