മലയാളിയെ ത്രസിപ്പിച്ച ത്രില്ലർ സിനിമകളുടെ കൂട്ടത്തിലേക്ക് ഇനി മുതൽ ‘കോറോണ പേപ്പേഴ്സ്’ എന്ന പേര് കൂടി എഴുതിച്ചേർക്കാം. ‘ഒപ്പ’ത്തിന് ശേഷം പ്രിയദർശൻ സംവിധാനം ചെയ്ത ത്രില്ലർ ചിത്രമാണ് കോറോണ പേപ്പേഴ്സ്. ആകാംക്ഷയോടെ കാണികളെ പിടിച്ചിരുത്തുന്ന ചിത്രം പുത്തൻ അനുഭവമാണ് സമ്മാനിക്കുന്നത്. ആവേശം കൊള്ളിക്കുന്ന തട്ടുപൊളിപ്പൻ പാട്ടുകളോ നായകന്റെ അതിമാനുഷീകപ്രകൃതി കൊണ്ട് വിസ്മയിക്കുന്ന ഫൈറ്റ് സീക്വൻസുകളോ ഈ ചിത്രത്തിൽ ഇല്ല. അടിത്തറയുള്ള കെട്ടിടം പോലെ ഭദ്രമായ സിനിമയാണിത്. കഥാപാത്ര കേന്ദ്രീകൃതമല്ലാത്ത സിനിമ മലയാളത്തിൽ വരാനിരിക്കുന്ന പുതിയ ധാരയ്‌ക്ക് തന്നെ വഴിവെച്ചെക്കാം. നർമ്മത്തിനും സംഗീതത്തിനും പ്രാധാന്യം നൽകുന്ന ക്ലാസിക്ക് പ്രിയൻ ടച്ച് മലയാളിയുടെ നൊസ്റ്റാൾജിയ ആണ്. എന്നാൽ അതിൽ നിന്ന് ഇക്കുറി സംവിധായകൻ കളം മാറ്റി ചവിട്ടുന്നു. സിനിമയുടെ സ്വാഭാവികമായ കഥാ പരിണാമങ്ങളിലൂടെ യാഥാർഥ്യം എന്ന് തോന്നിക്കുന്ന സാഹചര്യങ്ങളിലേക്ക് കാഴ്‌ച്ചക്കാരനെ എത്തിക്കുകയാണ് ഇതിൽ. അതുകൊണ്ടു തന്നെ ഒരു ശരാശരി മലയാളിക്ക് തന്റെ തൊട്ടു മുന്നിൽ നടന്ന സംഭവം പോലെ ഈ സിനിമ ഫീൽ ചെയ്യുകയും ചെയ്യും.
ടൗൺ സ്റ്റേഷനിൽ പുതുതായി ജോലിക്ക് ചേരുന്ന പൊലീസുകാരന്റെ സർവീസ് റിവോൾവർ തിരക്കുള്ള ബസ്സിൽ പോക്കറ്റടിക്കപ്പെടുന്നു. അവിടെ നിന്ന് ചിത്രം ഒരൊഴുക്കാണ്. കാഴ്‌ച്ചക്കാരൻ ആ ഒഴുക്കിനൊപ്പം കൂടുന്നു. നഷ്ടമായ റിവോൾവർ നഗരത്തിലെ വലിയ കുറ്റകൃത്യങ്ങളിൽ ഉപയോഗിക്കപ്പെടുന്നതോടെ കഥ ആകെ മാറുന്നു. കുറ്റവാളിയിലേക്ക് എത്തിച്ചേരാൻ പൊലീസ് നടത്തുന്ന യാത്രയാണ് കഥ. പോലീസ് അന്വേണത്തിലൂടെ നീങ്ങുന്ന ചിത്രം നിസ്സാഹായരായ ചില മനുഷ്യരുടെ കഥ കൂടി പറഞ്ഞുപോകുന്നുണ്ട്. ഒരേ സമയം നയകനായും പ്രതിനായകനായും കഥാപാത്രങ്ങൾ അവതരിപ്പിക്കപ്പെടുന്നു. ടു ഫൊർഗെറ്റ് ഈസ് ഹ്യുമൻ, ടു ഫൊർഗീവ് ഈസ് ഡിവൈൻ എന്ന ആശയം സിനിമയെ കൂടുതൽ ശക്തമാക്കുന്നു.
പ്രസിദ്ധ ചലചിത്രകാരൻ അകിരൊ കുറോസോവ നിർമിച്ച സ്ട്രേ ഡോഗ്സ് എന്ന സിനിമയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് കൊറോണ പേപ്പേഴ്സ് ഒരുക്കിയതെന്ന് ചിത്രത്തിന് മുൻപായി എഴുതിക്കാണിക്കുന്നുണ്ട്. 1949-ലാണ് സ്ട്രേ ഡോഗ്സ് പുറത്തിറങ്ങുന്നത്. രണ്ടാം ലോകമഹായുദ്ധ കാലത്ത് ജപ്പാൻ നേരിട്ട പ്രതിസന്ധികളെ ‘സ്ട്രേ ഡോഗ്സിലൂടെ’ അനാവരണം ചെയ്യാൻ കുറസോവ ശ്രമിച്ചിരുന്നു. ഇവിടെ പ്രിയദർശൻ കോറോണാന്തര കാലത്തിന് ശേഷമുള്ള മലയാളിയുടെ ജീവിത രീതികളാണ് അവതരിപ്പിക്കുന്നത്. ‘എട്ടു തോട്ടൈകൾ’ എന്ന പേരിൽ തമിഴിലിറങ്ങിയ സിനിമയും സ്ട്രേ ഡോഗ്സിനെ അവലംബമാക്കിയുള്ളതാണ്. ശ്രീഗണേഷാണ് ചിത്രത്തിന്റെ കഥയെഴുതിയത്.
ഷെയ്ൻ നിഗം, ഷൈൻ ടോം ചാക്കോ, ജീൻ പോൾ ലാൽ, എന്നീ തരങ്ങളെ കഥാപാത്രങ്ങൾക്ക് അനുസൃതമായി അവതരിപ്പിക്കാൻ കൊറോണ പേപ്പേഴ്സിൽ സംവിധായകൻ പ്രിയദർശന് സാധിക്കുന്നുണ്ട്. വെള്ളിത്തിരയിലെ സിദ്ദിഖിന്റെ തകർത്താട്ടമാണ് കൊറോണ പേപ്പേഴ്സിന്റെ ഹൈ ലൈറ്റ്. കഥാപാത്രമായി സിദ്ദിഖ് എന്ന നടൻ നടത്തിയ പരകായപ്രവേശമാണ് അരങ്ങുണർത്തുന്നത്. കാഴ്ചക്കാരൻ കഥാപാത്രത്തിനൊപ്പം സഞ്ചരിക്കുന്ന അവസ്ഥയിലേക്ക് എത്തിച്ചേരും വിധം സിദ്ദിഖിന്റെ അഭിനയ മികവ് സിനിമയെ എടുത്തുയർത്തുന്നു. സന്ധ്യ ഷെട്ടിയും കരുത്തുറ്റ അഭിനയവുമായി ചിത്രത്തിൽ നിറയുന്നു. ‘ന്നാ താൻ കേസ് കൊട്’ എന്ന ചിത്രത്തിലൂടെ മലയാളി ഇരുകൈയും നീട്ടി സ്വീകരിച്ച നായികയും ജഡ്ജിയും ‘കൊറോണ പേപ്പേഴ്സി’ലും മലയാളിക്ക് മുന്നിലെത്തുന്നു.
‘എട്ടു തോട്ടൈകളുടെ കഥയെഴുതിയ ശ്രീഗണേഷാണ് കൊറോണ പേപ്പേഴ്സിന്റെയും കഥ എഴുതിയിരിക്കുന്നത്. ഇരുണ്ട ഫ്രെയിമുകളിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്. ഇത് ഛായാഗ്രാഹകൻ ദിവാകർ മണിയുടെ നേട്ടമാണ്. എഡിറ്റർ അയ്യപ്പൻ നായരും സംഗീതസംവിധായകൻ കെപിയും ചിത്രത്തിൽ തങ്ങളുടേതായ ഭാഗധേയം പൂർണ്ണമാക്കിയതോടെ ഏച്ചുകെട്ടലുകളില്ലാതെ കാഴ്‌ച്ചക്കാരനിലേയ്‌ക്ക് കഥ ഒഴുകി. കഥാഖ്യാനശൈലിയിൽ സിനിമ സ്വീകരിച്ചിട്ടുള്ള രീതി കാഴ്‌ച്ചക്കാരനിലേയ്‌ക്ക് നേരേ എത്താൻ ഉതകുന്നതാണ്. സംവിധായകൻ പ്രിയദർശന്റെ തിരിച്ചുവരവായി കൊറോണ പേപ്പേഴ്സ് കാണുന്നതിൽ തെറ്റില്ലെന്ന് തന്നെ നമുക്ക് പറയാം.
എല്ലാം കൊണ്ടും മികച്ച ഒരു ത്രില്ലർ എന്ന നിലയിൽ മലയാളിക്ക് മധ്യവേനലവധി ആഘോഷിക്കാൻ പറ്റിയ ഒരു സിനിമയാണ് കോറോണപേപ്പേഴ്സ്.
അശ്വിൻ ഇലന്തൂർ
Comments