വാഷിംഗ്ടൺ: ലോക ബാങ്ക് ഗ്രൂപ്പിന്റെയും അന്താരാഷ്‌ട്ര നാണയ നിധിയുടെയും 2023-ലെ വാർഷിക മീറ്റിംഗുകളിലും മറ്റ് ജി 20 മീറ്റിംഗുകളിലും പങ്കെടുക്കാൻ കേന്ദ്ര ധനകാര്യമന്ത്രി നിർമ്മല സീതാരാമൻ വാഷിംഗ്ടണിലെത്തി. അംബാസഡർ തരൺജിത് സിംഗ് സന്ധു കേന്ദ്ര ധനമന്ത്രിയെ സ്വീകരിച്ചു. ഏപ്രിൽ 10 മുതൽ 16 വരെ ലോകമെമ്പാടുമുള്ള ധനമന്ത്രിമാരുമായും കേന്ദ്ര ബാങ്കുദ്യോഗസ്ഥരുമായും നിർമ്മല സീതാരാമൻ ചർച്ച നടത്തും. ഇന്ന് വാഷിംഗ്ടണിലെ ഐഎംഎഫ് ആസ്ഥാനത്താണ് കൂടിക്കാഴ്ച നടക്കുക.
നാളെ നടക്കുന്ന ഉന്നതതല യോഗത്തിൽ പരസ്പര താത്പ്പര്യമുള്ള വിഷയങ്ങൾ ചർച്ച ചെയ്യാൻ ധനമന്ത്രി യുഎസ് ട്രഷറി സെക്രട്ടറി ജാനറ്റ് യെല്ലനെ കാണും. കൂടാതെ ഇന്ത്യ, ഐഎംഎഫ്, ലോകബാങ്ക് എന്നിവയുടെ സഹ-അദ്ധ്യക്ഷതയിൽ ഗ്ലോബൽ സൊവ്‌റിൻ ഡെബ്റ്റ് യോഗം നടക്കും.
ഏപ്രിൽ 12, 13 തീയതികളിൽ നിർമ്മല സീതാരാമനും റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഗവർണർ ശക്തികാന്ത ദാസും ചേർന്ന് രണ്ടാം ജി-20 ധനമന്ത്രിമാരുടെയും സെൻട്രൽ ബാങ്ക് ഗവർണർമാരുടെയും എഫ്എംസിബിജി യോഗത്തിന് നേതൃത്വം നൽകും. ആഗോള പ്രശ്നങ്ങളെ കേന്ദ്രീകരിച്ചുള്ള വിവധ ചർച്ചകളിൽ നടക്കും. യോഗത്തിൽ, ഭക്ഷ്യ-ഊർജ്ജ അരക്ഷിതാവസ്ഥ പരിഹരിക്കുക, ആഗോള കടബാധ്യതകൾ കൈകാര്യം ചെയ്യുക, വികസന ബാങ്കുകളെ ശക്തിപ്പെടുത്തുക, കാലാവസ്ഥാ പ്രവർത്തനത്തിനുള്ള ധനസമാഹരണം, അന്താരാഷ്‌ട്ര നികുതി, സാമ്പത്തിക മേഖലാ വിഷയങ്ങളിലെ പുരോഗതി ത്വരിതപ്പെടുത്തൽ തുടങ്ങിയ വിഷയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കും.
ഏപ്രിൽ 14-ന്, ക്രിപ്റ്റോ അസറ്റുകളുടെ മാക്രോ-ഫിനാൻഷ്യൽ പ്രത്യാഘാതങ്ങൾ അവലോകനം ചെയ്യുന്നതിനും ആനുകൂല്യങ്ങൾ പ്രയോജനപ്പെടുത്തുന്നതിനും അപകടസാധ്യതകൾ ഉൾക്കൊള്ളുന്നതിനുമുള്ള നയങ്ങൾ ചർച്ച ചെയ്യുന്നതിനുമായി ‘ക്രിപ്റ്റോ അസറ്റുകളുടെ മാക്രോ-ഫിനാൻഷ്യൽ പ്രത്യാഘാതങ്ങൾ’ എന്ന വിഷയത്തിൽ ഉന്നതതല സെമിനാറിൽ ധനമന്ത്രി പങ്കെടുക്കും.
Comments