ഇറ്റാനഗർ: ഇന്ത്യയുടെ ഒരിഞ്ച് ഭൂമി പോലും ആർക്കും കൈക്കലാക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. അരുണാചൽ വിഷയത്തിൽ ചൈനയ്ക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം. അരുണാചലിലെ കിബിത്തൂവിൽ ജനങ്ങളെ അഭിസംബോധന ചെയ്യുന്നതിനിടെയായിരുന്നു ആഭ്യന്തരമന്ത്രിയുടെ പരാമർശം.
ദുഷിച്ച കണ്ണുകളോടെ ഇന്ത്യയെ നോക്കാൻ ആർക്കും കഴിയുകയില്ലെന്നും ഇന്ത്യൻ സൈന്യത്തെയും ഐടിബിപി ജവാന്മാരെയും പ്രകീർത്തിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. ഇന്ത്യൻ മണ്ണിലേക്ക് പലരും നുഴഞ്ഞുകയറിയിരുന്ന കാലം കഴിഞ്ഞുപോയി. ഇന്ന് ഒരാൾക്കും ഭാരതഭൂമിയിൽ അതിക്രമിച്ച് കയറാനാകില്ല. സൂചി കുത്താനുള്ള ഇടം പോലും ഇവിടെ നിന്നും ആരും മോഹിക്കേണ്ടതില്ലെന്നും അമിത് ഷാ പറഞ്ഞു.
നമ്മുടെ ഐടിബിപി ജവാന്മാരുടെ പ്രയത്നം മൂലം ഓരോ ഇന്ത്യൻ പൗരന്മാർക്കും അവരുടെ വീടുകളിൽ സ്വൈര്യമായി കിടന്നുറങ്ങാം. രാവും പകലുമില്ലാതെ അതിർത്തികളിൽ കാവൽ നിൽക്കുന്ന ഇന്ത്യൻ സൈന്യവും ഒപ്പമുണ്ട്. അതുകൊണ്ട് ഭാരത ഭൂമിയെ ദുഷ്ടലാക്കോടെ നോക്കാൻ ആർക്കും കഴിയില്ലെന്ന് നമുക്ക് അഭിമാനത്തോടെ പറയാനാവുമെന്നും അദ്ദേഹം പറഞ്ഞു.
2014-ന് മുമ്പ് ഇന്ത്യയുടെ വടക്കുകിഴക്കൻ മേഖല മുഴുവനും സംഘർഷഭരിതമായിരുന്നു. എന്നാൽ കഴിഞ്ഞ ഒമ്പത് വർഷത്തിനിടെ പ്രധാനമന്ത്രിയുടെ ‘ലുക്ക് ഈസ്റ്റ് പോളിസി’ മൂലം വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ അടിമുടി മാറി. ഇന്ന്, രാജ്യത്തിന്റെ പുരോഗതിക്ക് വേണ്ട സംഭാവനകൾ നടത്താൻ കഴിയുന്ന മേഖലയായി ഇവിടം മാറിയെന്നും അമിത് ഷാ ഓർമ്മിപ്പിച്ചു.
Comments