ലക്നൗ : ഗുണ്ടാ നേതാവും രാഷ്ട്രീയ നേതാവുമായ ആതിഖ് അഹമ്മദിന്റെ മകൻ അസദ് അഹമ്മദ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതിന് പിന്നാലെ സംസ്ഥാന പോലീസിനെ പ്രശംസിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് . ഏറ്റുമുട്ടലിനെ തുടർന്നുള്ള ക്രമസമാധാനനില അവലോകനം ചെയ്യാൻ ചേർന്ന യോഗത്തിലാണ് അദ്ദേഹം ഉദ്യോഗസ്ഥരെ അഭിനന്ദിച്ചത്. ഇതുമായി ബന്ധപ്പെട്ട് പോലീസ് അദ്ദേഹത്തിന് റിപ്പോർട്ട് നൽകി.
ഉത്തർപ്രദേശ് സ്പെഷ്യൽ ടാസ്ക് ഫോഴ്സ് ഝാൻസിയിൽ നടത്തിയ ഏറ്റുമുട്ടലിലാണ് മകൻ അസദ് അഹമ്മദ് കൊല്ലപ്പെടുന്നത്. അസദിന്റെ സുഹൃത്ത് ഗുലാമിനേയും പോലീസ് വധിച്ചു. അസദിനെയും ഗുലാമിനെയും ജീവനോടെ പിടികൂടാൻ ശ്രമിച്ചെങ്കിലും അവർ എസ്ടിഎഫ് സംഘത്തിന് നേരെ വെടിയുതിർക്കുകയായിരുന്നു, അതിനുശേഷം അവർ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടുവെന്ന് യുപി എസ്ടിഎഫ് എഡിജി അമിതാഭ് യാഷ് പറഞ്ഞു.
“മുൻ എംപി ആതിഖ് അഹമ്മദിന്റെ മകൻ ആസാദും സഹായിയും കൊല്ലപ്പെട്ടതിന് ശേഷം മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ക്രമസമാധാനവുമായി ബന്ധപ്പെട്ട് യോഗം വിളിച്ചു ചേർത്തു . മുഖ്യമന്ത്രി യോഗി യുപി എസ്ടിഎഫിനെയും ഡിജിപിയെയും സ്പെഷ്യൽ ഡിജി ക്രമസമാധാനപാലനത്തെയും മുഴുവൻ ടീമിനെയും പ്രശംസിച്ചു,” മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.
ഏറ്റുമുട്ടലിനെക്കുറിച്ച് ആഭ്യന്തര പ്രിൻസിപ്പൽ സെക്രട്ടറി സഞ്ജയ് പ്രസാദ് മുഖ്യമന്ത്രിയെ അറിയിച്ചു. ഈ വിഷയത്തിൽ മുഖ്യമന്ത്രിക്ക് മുന്നിൽ റിപ്പോർട്ട് സമർപ്പിച്ചുവെന്നും സിഎംഒ അറിയിച്ചു.അസദ് അഹമ്മദിന്റെ തലയ്ക്ക് 5 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. ഝാൻസിക്ക് സമീപം അസദ് ഒളിച്ചിരിക്കുകയായിരുന്നുവെന്നും സുഹൃത്ത് ഗുലാമിനൊപ്പമാണ് അസദ് ഉണ്ടായിരുന്നതെന്നും എസ്ടിഎഫ് വൃത്തങ്ങൾ പറഞ്ഞു. ഇരുവരിൽ നിന്നും വിദേശ ആയുധങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്.യുപി എസ്ടിഎഫ് സംഘത്തെ ഡെപ്യൂട്ടി എസ്പി നവേന്ദു, വിമൽ എന്നിവരാണ് നയിച്ചത് .
Comments