തിരുവനന്തപുരം: ഒരു നാടിന്റെ ജീവനാടിയാണ് റെയിൽവേ ഗതാഗതം. അതിനാൽ തന്നെ റെയിൽവേ കാലാനുശ്രതമായി പരിഷ്‌കരിക്കപ്പെടേണ്ടത് അനിവാര്യമാണ്. ഇന്ത്യയെന്ന മഹാരാജ്യത്തിന്റെ പൊതുഗതാഗതം നവീകരണത്തിന്റെ പാതയിലാണ്. അതിൽ പ്രഥമ സ്ഥാനമാണ് വന്ദേഭാരത് എകസ്പ്രസുകൾക്കുള്ളത്. ‘ആത്മനിർഭർ ഭാരത്’ അഥവാ ‘മേക്ക് ഇൻ ഇന്ത്യ’ പദ്ധതി പ്രകാരം പൂർണ്ണമായും ഇന്ത്യയിൽ രൂപകല്പന ചെയ്തതും നിർമ്മിച്ചതുമാണ് വന്ദേഭാരത് എക്‌സ്പ്രസുകൾ.
വന്ദേഭാരത് എക്‌സ്പ്രസിന്റെ ആദ്യ ട്രയൽ റൺ 2018- ഒക്ടോബറിലാണ് നടത്തിയത്. 2019 ഫെബ്രുവരിയിൽ ദില്ലി-വാരണാസി റൂട്ടിലാണ് ആദ്യ എക്‌സ്പ്രസ് ഓടി തുടങ്ങിയത്. ദക്ഷിണ റെയിൽവേയിലെ മൂന്നാമത്തെയും രാജ്യത്തെ 14-ാമത്തെയും വന്ദേഭാരത് ട്രെയിനാണു കേരളത്തിനു ലഭിക്കുന്ന തിരുവനന്തപുരം – കണ്ണൂർ വന്ദേഭാരത് എക്‌സ്പ്രസ്.
അറിയാം വന്ദേഭാരത് എക്‌സ്പ്രസിനെ
ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിലാണ് വന്ദേഭാരത് എക്‌സ്പ്രസുകൾ രൂപകല്പനയും നിർമ്മാണം നടക്കുന്നത്. സെമി ഹൈ സ്പീഡ് ഇന്റർസിറ്റി ഇലക്ട്രിക് മൾട്ടിപ്പിൾ യൂണിറ്റാണ് യഥാർത്ഥത്തിൽ ഇത്തരം എക്‌സ്പ്രസ് ട്രെയിനുകൾ. ട്രെയിൻ 18 എന്നും ഇതിന് വിളിപേരുണ്ട്. ട്രക്കിന്റെ ശേഷിയനുസരിച്ച് 200 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കാൻ സാധിക്കും. 52 സെക്കൻഡുകൾ കൊണ്ട് 100 കിമീ വേഗം കൈവരിക്കാൻ കഴിയും. പൂർണ്ണമായും ശീതികരിച്ച ട്രെയിനുകൾക്ക് ഇരു ഭാഗത്തും ഡ്രൈവർ ക്യാബിനുകൾ സജ്ജീകരിച്ചിട്ടുണ്ട്. അതിനാൽ ദിശമാറ്റാൻ സമയനഷ്ടം ഉണ്ടാകില്ല. യാത്രക്കാർക്കുള്ള സൗകര്യങ്ങളുടെ കാര്യത്തിൽ ലോകോത്തര നിലവാരം ഇതിനുണ്ട്. എക്‌സിക്യൂട്ടീവ് ക്ലാസിൽ റിവോൾവിങ് ചെയറുകൾ ഉൾപ്പെടെ മികച്ച സീറ്റുകളാണ് ഒരുക്കിയിട്ടുള്ളത്. ജിപിഎസ,് പാസഞ്ചർ ഇൻഫർമേഷൻ സംവിധാനം, എൽഇഡി ലൈറ്റിംഗ് എന്നിവയും ഉണ്ട്. വിമാന മാതൃകയിൽ ബയോ വാക്വം ശുചിമുറികളാണ് ഇതിന്റെ പ്രധാന സവിശേഷത. മെട്രോ ട്രെയിന് സമാനമായി ഓട്ടമാറ്റിക് ഡോറുകളാണ് വന്ദേഭാരത് എക്‌സ്പ്രസിനുള്ളത്.
മലയാളികൾ ആകാംക്ഷയൊടെയാണ് വന്ദേഭാരത് എക്‌സ്പ്രസിനായി കാത്തിരിക്കുന്നത്. എഴ് മണിക്കൂറാണ് തിരുവനന്തപുരം- കണ്ണൂർ യാത്രയ്‌ക്കായി വേണ്ട സമയം. 500 കിലോമീറ്ററാണ് ആകെ ദൂരം.
കൊല്ലം, കോട്ടയം, എറണാകുളം ടൗൺ, തൃശൂർ, തിരൂർ, കോഴിക്കോട് എന്നിവിടങ്ങളിലായിരിക്കും സ്റ്റോപ്. 16 കോച്ചുകളുള്ള ട്രെയിനാണു കേരളത്തിനു ലഭിക്കുക. ഈ മാസം 24-ന് കേരളത്തിലെത്തുന്ന പ്രധാനമന്ത്രി 25-ന് വന്ദേഭാരത് ഉദ്ഘാടനം ചെയ്തേക്കും എന്നാണ് റിപ്പോർട്ടുകൾ. ഇതിനായുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കാൻ ദക്ഷിണ റെയിൽവേയ്‌ക്ക് നിർദ്ദേശം ലഭിച്ചിട്ടുണ്ട്.
Comments