ബെംഗളൂരു: ബിജെപിയെ തോൽപ്പിക്കണം, അതിന് ഏത് വിധേനയും കുറച്ച് വോട്ട് നേടണം, തീവ്ര ഇസ്ലാമിസ്റ്റുകളോട് വോട്ട് അഭ്യർത്ഥിച്ച് കർണ്ണാടക കോൺഗ്രസ് നേതാവ്. മുൻ ഉപമുഖ്യമന്ത്രിയായ ഗംഗാധരയ്യ പരമേശ്വരയാണ് പരസ്യമായി എസ്ഡിപിഐയുടെ വോട്ട് ചോദിച്ചത്. ‘ബിജെപിയെ പരാജയപ്പെടുത്തണം, അതിന് നിങ്ങളുടെ പിന്തുണ ആവശ്യമാണ്, അതിനാൽ കോൺഗ്രസ് എസ്ഡിപിഐയോട് പിന്തുണ അപേക്ഷിക്കുകയാണ്’-പരമേശ്വര പറയുന്നു. മുസ്ലീങ്ങളുടെ വികസനത്തിന് തങ്ങളെ വിജയിപ്പിക്കണമെന്നും പരമേശ്വര പറയുന്നുണ്ട്.
ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലൂടെയാണ് പരസ്യ പിന്തുണ ചോദിച്ചത്. പരമേശ്വരയ്ക്ക് പിന്നാലെ കോൺഗ്രസ് പ്രചാരണ കമ്മിറ്റി പ്രസിഡന്റ് എം ബി പാട്ടീലും പിന്തുണ അഭ്യർത്ഥിച്ച് രംഗത്ത് വന്നിട്ടുണ്ട്. ‘ബിജെപിയെ പരാജയപ്പെടുത്താൻ എസ്ഡിപിഐ സഹായിക്കുമെന്നാണ് തങ്ങൾ പ്രതീക്ഷിക്കുന്നത്. എസ്ഡിപിഐക്ക് തനിച്ച് വിജയിക്കാൻ സാധ്യമല്ല. പക്ഷെ കോൺഗ്രസ് വോട്ടുകളിൽ വിള്ളലുണ്ടാക്കാൻ അവർക്ക് സാധിക്കും. അതിനാൽ ബിജെപിയെ നേരിടാൻ എസ്ഡിപിഐ വോട്ടുകൾ കോൺഗ്രസിന് തരണം’- പാട്ടിൽ അഭ്യർത്ഥിച്ചു.
കർണ്ണാടക തിരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസ് നേതൃത്വം തങ്ങളെ സഖ്യത്തിന് സമീപിച്ചതായി എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് അബ്ദുൾ മുജീബ് വെളിപ്പെടുത്തിയിരുന്നു. ‘ജെഡിഎസും വോട്ടുകൾക്കായി സമീപിച്ചിട്ടുണ്ട്. എന്നാൽ ആർക്കും ഒരു ഉറപ്പും ഇതുവരെ നൽകിയിട്ടില്ല. ബിജെപിയെ തോൽപ്പിക്കാൻ സാധിക്കുന്നവർക്ക് എസ്ഡിപിഐ വോട്ട് നൽകും’- അബ്ദുൾ മുജീബ് പറയുന്നു.
കഴിഞ്ഞ സെപ്റ്റംബറിലാണ് പോപ്പുലർ ഫ്രണ്ടിന് കേന്ദ്രസർക്കാർ നിരോധനമേർപ്പെടുത്തിയത്. രാജ്യവിരുദ്ധ പ്രവർത്തനമടക്കം കണക്കിലെടുത്തണ് പിഎഫ്ഐയെ നിരോധിച്ചത്. 2047- ഓടെ ഭാരതത്തിൽ ഇസ്ലാമിക രാഷ്ട്രം സ്ഥാപിക്കാനായിരുന്നു പിഎഫ്ഐയുടെ ശ്രമം.
മിക്ക നിയമസഭ മണ്ഡലങ്ങളിലും കോൺഗ്രസ് വോട്ടുകൾ എസ്ഡിപിഐ വിഴുങ്ങുന്ന കാഴ്ചയാണ് കർണ്ണാടകയിൽ കാണുന്നത്. തിരഞ്ഞെടുപ്പിൽ എസ്ഡിപിഐ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് പറഞ്ഞ് ബ്ലാക്ക്മെയിലും വിലപേശലുമാണ് നടക്കുന്നത്. ബിജെപി പ്രവർത്തകനായ പ്രവീൺ നൊട്ടാരുവിനെ വധിച്ച കേസിലെ പ്രതിയായ ഷാഫി ബെല്ലാരയ്ക്ക് സീറ്റ് നൽകാനുള്ള എസ്ഡിപിഐ നീക്കത്തിനെതിരെ കടുത്ത പ്രതിഷേധമാണ് നിലനിൽക്കുന്നത്.
Comments