സ്വന്തമായി ഒരു വീടെന്നത് എല്ലാവരുടെയും ആഗ്രഹമാണ്. എന്നാൽ അതിൽ വ്യത്യസ്തത കാണുന്നവരുമുണ്ട്. അത്തരത്തിലുള്ള ഒരാളാണ് പശ്ചിമ ബംഗാൾ സ്വദേശിയായ മിന്റു റോയ്. കപ്പലിന്റെ ആകൃതിയിലുള്ള ഒരു വീട് എന്ന സ്വപ്‌നം പൂർത്തിയാക്കാൻ ശ്രമിക്കുകയാണ് ഇയാൾ. ഒരു പതിറ്റാണ്ടായി ഇതിന് പിന്നാലെയാണ് മിന്റു. ഹെലൻഷാ ജില്ലയിലെ സിലിഗുരിയിലാണ് മിന്റു കപ്പൽ വീട് പണിയുന്നത്.
പല എൻജിനീയർമാരെയും അദ്ദേഹം സമീപിച്ചെങ്കിലും എന്നാൽ ആരും സഹായിച്ചില്ല അതോടെ ഇയാൾ സ്വന്തമായി വീട് നിർമ്മാണം ആരംഭിച്ചു. വീടിന്റെ രൂപകല്പന ചെയ്തതും മിന്റു സ്വയമാണ്. 2010ൽ വീടിന്റെ നിർമ്മാണം ആരംഭിച്ചത്. 39 അടി നീളത്തിലും 13 അടി വീതിയിലും ഒരുങ്ങുന്ന വീടിന് 30 അടി ഉയരവുമുണ്ട്. കൃഷിയിൽ നിന്നുള്ള വരുമാനം കാത്തുവെച്ചാണ് മിന്റു വീടിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നത്. എന്നാൽ സാമ്പത്തിക ബുദ്ധിമുട്ടുകൾ മൂലം നിർമ്മാണം ഇടയ്‌ക്കുവച്ച് ഉപേക്ഷിക്കേണ്ടി വന്നിരുന്നു. തന്റെ വരുമാനംകൊണ്ട് മേസ്തിരിമാർക്ക് പണം നൽകാനാവില്ലെന്ന് മനസ്സിലായതോടെ കെട്ടിടനിർമ്മാണം പഠിക്കാനൊരുങ്ങി മിന്റു. ഒരു വർഷത്തിനുള്ളിൽ വീടിന്റെ നിർമ്മാണം പൂർത്തിയാക്കുമെന്ന് അദ്ദേഹം പറയുന്നു. വീടിന്റെ ഏറ്റവും മുകളിലത്തെ നില റസ്റ്ററന്റായി മാറ്റാനാണ് മിന്റുവിന്റെ തീരുമാനം. 15 ലക്ഷത്തോളം രൂപ ഇതുവരെ നിർമ്മാണത്തിനായി ചിലവായി.
മൂന്നു വർഷമെടുത്ത് നേപ്പാളിൽ നിന്ന് കെട്ടിടനിർമ്മാണം പരിശീലിച്ചു. വീടിന്റെ അടിസ്ഥാന രൂപം പൂർത്തിയായെങ്കിലും ഇനിയും പണികൾ ഏറെ ബാക്കിയാണ്. ഒറ്റനോട്ടത്തിൽ കപ്പലിന്റെ അതേ ആകൃതിയിലാണുള്ളത്. അകത്തളങ്ങൾ വുഡ് വർക്ക് ചെയ്യാനാണ് തീരുമാനം. ടൈറ്റാനിക്ക് പോലെ വിശാലമായ സ്റ്റെയർകെയ്‌സും ഇതിന്റെ മാറ്റ് കൂട്ടുന്നു. നിർമ്മാണം പൂർത്തിയായിട്ടില്ലെങ്കിലും ഇപ്പോൾ ഈ പ്രദേശത്തെ പ്രധാന ആകർഷണങ്ങളിൽ ഒന്നാണ് മിന്റുവിന്റെ വീട്.














