കേരളത്തിന് വിഷു കൈനീട്ടമായി വന്ദേഭാരത് ലഭിച്ചതിന്റെ സന്തോഷത്തിലാണ് മലയാളികൾ. തിരുവനന്തപുരത്തു നിന്നും കണ്ണൂരിലേയ്‌ക്കാണ് ആദ്യ ട്രെയിൻ അനുവദിച്ചിരിക്കുന്നത്. കെ റെയിലിൽ ആശങ്ക പ്രകടപ്പിച്ചിരുന്ന ജനങ്ങൾക്ക് ഒരാശ്വാസമാണ് വന്ദേഭാരതിന്റെ വരവ്. കേരളത്തിലേയ്‌ക്ക് എത്തിയ ട്രെയിനിന് വൻ സ്വീകരമാണ് ജനങ്ങളും ബിജെപി പ്രവർത്തകരും നൽകിയത്. ഇപ്പോഴിതാ, തന്റെ ജീവിതത്തിൽ വന്ദേഭാരത് ട്രെയിനിന് വേഗത സമ്മാനിക്കാൻ സാധിച്ചാൽ ബിജെപിക്ക് വോട്ട് ചെയ്യുമെന്ന് പറഞ്ഞിരിക്കുകയാണ് നടൻ ഹരീഷ് പേരടി.
എനിക്ക് 53 വയസ്സു കഴിഞ്ഞു. ഒരു കോൺഗ്രസ് കുടുംബത്തിൽ ജനിച്ച ഞാൻ വോട്ടവകാശം കിട്ടിയതു മുതൽ ഇടതുപക്ഷത്തിനാണ് വോട്ട് ചെയ്യതത്. പക്ഷെ ഈ വാർത്തയിലെ വേഗത എന്റെ ജീവിതത്തിൽ വന്ദേഭാരത് തീവണ്ടിക്ക് സമ്മാനിക്കാൻ സാധിച്ചാൽ ബിജെപിയുടെ രാഷ്‌ട്രിയത്തെ മാറ്റി വച്ച് ഞാൻ ബിജെപിയുടെ താമര ചിഹ്‌നത്തിൽ വോട്ട് ചെയ്യും. ഇല്ലെങ്കിൽ ബിജെപിക്കെതിരെ വിരൽ ചൂണ്ടുകയും ചെയ്യും. കാരണം ഭരണത്തിന്റെ നിറം എന്തായാലും എനിക്കും എന്റെ നാടിനും അഴിമതിയില്ലാത്ത വേഗത വേണം. ഇനിയും എന്റെ വോട്ട് നശിപ്പിക്കാൻ വയ്യാ- എന്നാണ് ഹരീഷ് പേരടി ഫേയ്സ്ബുക്കിൽ കുറിച്ചത്.
ഈ മാസം 25-നാണ് പ്രധാനമന്ത്രി ഔദ്യോഗികമായി കേരളത്തിന്റെ വന്ദേ ഭാരത് എക്സ്പ്രസ് ഫ്ലാഗ് ഓഫ് ചെയ്യുന്നത്. തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളിലാണ് ട്രെയിനിന് സ്‌റ്റോപ്പുണ്ടാകുക. തിരുവനന്തപുരം ഡിവിഷനാണ് സര്‍വീസിന്റെ നിയന്ത്രണം. രാജ്യത്തെ 13-ാമത്തെ വന്ദേഭാരത് സര്‍വീസായിരിക്കുമിത്. രാജ്യം സ്വാതന്ത്ര്യത്തിന്റെ 75-ാം വർഷം ആഘോഷിക്കുന്നതിന്റെ ഭാഗമായി ആഗസ്റ്റ് 15-ന് മുമ്പ് 75 വന്ദേഭാരത് എക്സ്പ്രസുകള്‍ പുറത്തിറക്കുമെന്നാണ് കേന്ദ്രത്തിന്റെ പ്രഖ്യാപനം.
Comments