അബുദാബി: പ്രവാസി ലീഗൽ സെൽ ദുബായ് ചാപ്റ്റർ ഉദ്ഘാടനം അൽഖൂസിൽ നടന്നു. ലീഗൽ സെൽ ഗ്ലോബൽ പ്രസിഡന്റ് സുപ്രീം കോർട്ട് ഓൺ റെക്കോർഡ് അഡ്വ. ജോസ് എബ്രഹാം ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ പ്രവാസി ലീഗൽ സെൽ ദുബായ് ഘടകം പ്രസിഡന്റ് ടിഎൻ കൃഷ്ണകുമാർ അദ്ധ്യക്ഷനായിരുന്നു. പ്രവാസികളെ നിയമപരമായി ശാക്തീകരിക്കുന്നതിനായി കഴിഞ്ഞ ഒരു ദശാബ്ദത്തിലേറെയായി പ്രവർത്തിക്കുന്ന സംഘടനയാണ് പ്രവാസി ലീഗൽ സെൽ.
മഹാമാരി കാലത്ത് റദ്ദ് ചെയ്യപ്പെട്ട വിമാന ടിക്കറ്റുകളുടെ റീഫണ്ട് ഉൾപ്പെടെ നിരവധി വിഷയങ്ങളിൽ സുപ്രീം കോടതിയിൽ നിന്നും പ്രവാസികൾക്ക് അനുകൂലമായി കോടതി വിധികൾ നേടിയെടുത്തിട്ടുള്ള സംഘടനകൂടിയാണിത്. പ്രവാസികളെ നിയമപരമായി ശാക്തീകരിക്കുന്നതിന് ലോകത്തെമ്പാടുമുള്ള രാജ്യങ്ങളിൽ പ്രവാസി ലീഗൽ സെല്ലിന്റെ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് ദുബായിയിലും സംഘടനയുടെ പ്രവർത്തനം തുടങ്ങുന്നതെന്ന് പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പ്രസിഡന്റ് അഡ്വ. ജോസ് എബ്രഹാം പറഞ്ഞു.
അർഹരായ പ്രവാസികൾക്ക് വിദേശ രാജ്യങ്ങളിൽ ഇന്ത്യൻ മിഷനുകളിലൂടെ സൗജന്യ നിയമ സഹായം ഉറപ്പുവരുത്തുന്നത് ഉൾപ്പെടെയുള്ള കേസുകൾ ഇപ്പോൾ സുപ്രീം കോടതിയുടെ പരിഗണനയിൽ ആണ്.
Comments