വന്ദേ ഭാരത് ട്രെയിന് വഴിമുടക്കുന്നത് കൊല്ലത്തെ വളവുകൾ. ജില്ലയിൽ വേഗത്തിലോടണമെങ്കിൽ റെയിൽവേ പാതയിലെ ചെറുതും വലുതുമായ 60 വളവുകളാണ് നിവർത്തേണ്ടത്. കോളേജ് ജംഗ്ഷൻ മുതൽ റെയിൽവേ സ്‌റ്റേഷൻ വരെയെത്താൻ നിലവിൽ പത്ത് മിനിറ്റെടുക്കുന്ന ഈ ഭാഗം വന്ദേ ഭാരതിന്റെ കുതിപ്പിന് വിലങ്ങ് തടിയാണ്. നിലവിൽ ജില്ലയിൽ 100 മുതൽ 110 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കാൻ കഴിയുന്നത് കരുനാഗപ്പള്ളി മുതൽ ഓച്ചിറ വരെയും ഓച്ചിറ മുതൽ കായംകുളം വരെയുമാണ്. മറ്റിടങ്ങളിലെ വളവുകളാണ് വിലങ്ങുതടിയായിരിക്കുന്നത്. നിവലിലെ സാഹചര്യത്തിൽ ചെറിയ വളവുകൾ മാത്രമാണ് നിവർത്താൻ കഴിയൂ.
ഡിഗ്രി അടിസ്ഥാനത്തിലാണ് റെയിൽപാതയുടെ വളവിന്റെ തീവ്രത കണക്കാക്കുന്നത്. പാളങ്ങൾക്ക് പരമാവധി 10 ഡിഗ്രി വരെ വളവാകാം. ഇത്തരം വളവുകളിൽ പരമാവധി 10 മുതൽ 20 കിലോമീറ്റർ വേഗത്തിൽ മാത്രമാണ് ഓടാൻ കഴിയുക. കൊല്ലം റെയിൽവേ സ്‌റ്റേഷനിലേക്കുള്ള വളവ് എട്ട് ഡിഗ്രിയാണ്. ഇവിടെ പുനഃനിർമ്മാണം അസാദ്ധ്യമാണെന്ന് റെയിൽവേ അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
തിരുവനന്തപുരത്ത് നിന്ന് വരുമ്പോൾ ഇടവ മുതൽ പരവൂർ വരെയുള്ള ഏഴ് കിലോമീറ്ററിൽ ചെറുതും വലുതുമായ ഏഴ് വളവുകലാണുള്ളത്. നിലവിൽ ഈ ഭാഗത്ത് 75 കിലോമീറ്ററാണ് ട്രെയിനിന്റെ പരമാവധി വേഗത. കൊല്ലം റെയിൽവേ സ്റ്റേഷനിലേക്ക് കയറുന്‌നിടത്ത് ‘റ’ ആകൃതിയിലാണ് വളവ്. ഇവിടെ പരമാവധി 30 കിലോമീറ്ററാണ് വേഗത. പെരുമൺ പാലത്തിന്റെ തെക്കുള്ള വളവിൽ പരമാവധി 60 കിലോമീറ്ററാണ് വേഗത. പാലത്തിന് വടക്ക് പരമാവധി 90 കിലോമീറ്റര് വരെ വേഗത കൈവരിക്കാം. മൈനാഗപ്പള്ളി കല്ലുകടവിലെ വളവിൽ പരമാവധി വേഗം 60 കിലോമീറ്ററാണ്. ശാസ്താംകോട്ട, കരുനാഗപ്പള്ളി ഭാഗത്തെ ചെറിയ വളവുകളിൽ 90 കിലോമീറ്റർ വേഗം വരെ കൈവരിക്കാവുന്നതാണ്.
















Comments