മലയാളികളുടെ എക്കാലത്തെയും ഇഷ്ടതാരമാണ് ഉണ്ണിമുകുന്ദൻ. വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കാനുള്ള താരത്തിന്റെ കഴിവ് ചെറുതല്ല. അതുപോലെ തന്നെ തമിഴകത്തിൽ നിന്നും വെള്ളിത്തിരയിലേക്ക് ചുവടുവെച്ച വിക്രം ഇന്ന് മലയാള സിനിമയ്‌ക്ക് ഒഴിച്ചുകൂടാനാവാത്ത താരമായി മാറി. വർഷങ്ങൾ നീണ്ട സിനിമ ജീവിതത്തിൽ ആദ്യ 100 കോടി ക്ലബ്ബ് ഉണ്ണി മുകുന്ദൻ സ്വന്തമാക്കിയത് മാളികപ്പുറം എന്ന ഹിറ്റ് സിനിമയിലൂടെയായിരുന്നു. അഭിനേതാവ് എന്നതിലുപരി ഗായകൻ,നിർമ്മാതാവ് എന്നീ നിലകളിലും താരം കഴിവു തെളിയിച്ചുവെന്ന് നിസംശയം പറയാനാവും. എന്നാൽ ഇപ്പോഴിതാ വിക്രമിന്റെ ആരാധകാനായ ഉണ്ണിമുകുന്ദൻ സിനിമ കാണാൻ പോയ ഓർമ്മകളാണ് വൈറലായിരിക്കുന്നത്.
കോടമ്പാക്കത്ത് തമിഴ് സിനിമ കാണുന്നതിന് ടിക്കറ്റ് എടുക്കാൻ പണമില്ലാതിരുന്നതിനാൽ സുഹൃത്ത് എടുത്തുനൽകിയ ടിക്കറ്റിലാണ് അന്ന് സിനിമ കണ്ടതെന്ന് ഉണ്ണി മുകുന്ദൻ പറഞ്ഞു. കഴിഞ്ഞ ദിവസം നടന്ന പൊന്നിയൻ സെൽവൻ 2-വിന്റെ പ്രമോഷൻ ചടങ്ങിൽ വിക്രമും എത്തിയിരുന്നു. ഈ വേളയിലായിരുന്നു നടന്റെ പ്രതികരണം.
തനിക്ക് അധികം ആരുമായും വലിയ അടുപ്പമുണ്ടായിരുന്നില്ല. സിനിമയിൽ എന്ത് ചെയ്യും എന്ന് പറഞ്ഞ് ഉണ്ണി മുകുന്ദൻ കൂട്ടുകാരോട് വിഷമം പങ്കുവെച്ചിരുന്നു. അന്ന് സുഹൃത്ത് ഉണ്ണിയോട് ഒരു മറുചോദ്യം കൂടി ചോദിച്ചിരുന്നു. ‘എല്ലാ തമിഴ് സിനിമയും കണ്ട് അതിലെ അഭിനേതാക്കളെ പോലെ അഭിനയിക്കുകയും ഡയലോഗുകൾ പറയുകയും ചെയ്യാറുണ്ടോ നീ?.’ ഇല്ല എന്നായിരുന്നു ഉണ്ണി അന്ന നൽകിയ മറുപടി. എന്നാൽ അങ്ങനെയൊരാൾ തമിഴകത്തിൽ ഉണ്ടെന്നും അത് വിക്രം ആയിരുന്നുവെന്നും സുഹൃത്ത് പറഞ്ഞതായി ഉണ്ണി ഇന്നും ഓർമ്മിക്കുന്നു. സിനിമയിൽ മാത്രമല്ല, ജീവിതത്തിലും നേട്ടങ്ങൾ കൈവരിക്കാൻ ശ്രമിക്കുന്നവർക്ക് വിക്രം എക്കാലവും മാതൃകയാണെന്ന് ഉണ്ണി മുകുന്ദൻ പറഞ്ഞു. പൊന്നിയൻ സെൽവൻ 2-ന് ഉണ്ണി വിജയാശംസകൾ നേരുകയും ചെയ്തു.
മാളികപ്പുറം എന്ന ചിത്രമാണ് ഉണ്ണി മുകുന്ദന്റേതായി ഏറ്റവും ഒടുവിൽ പ്രദർശനത്തിനെത്തിയ ചിത്രം. അയ്യപ്പന്റെ ഭക്തയായ പെൺകുട്ടിയുടെ കഥ പറഞ്ഞ ചിത്രം കഴിഞ്ഞ വർഷം പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് ചിത്രം കൂടിയാണ്. ആദ്യ ദിനം മുതൽ മികച്ച പ്രേക്ഷക പ്രശംസ കൈവരിച്ച ചിത്രം 100 കോടി ക്ലബ്ബിലും ഇടം പിടിച്ചിരുന്നു. ഗന്ധർവ്വ ജൂനിയർ എന്ന ചിത്രത്തിലാണ് ഉണ്ണി മുകുന്ദൻ ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.
Comments