അയോദ്ധ്യ : ഉസ്ബെക്കിസ്ഥാൻ, പാകിസ്ഥാൻ, ചൈന തുടങ്ങി വിവിധ രാജ്യങ്ങളിലെ 155 നദികളിലെ ജലം ഇന്നലെ രാവിലെ അയോദ്ധ്യയിലെത്തി. വിവിധ രാജ്യങ്ങളിലെ നദികളിൽ നിന്നുള്ള ജലം കൊണ്ട് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രാം ലല്ലയുടെ ജലാഭിഷേകം നടത്തും. ഏപ്രിൽ 23 നാണ് അദ്ദേഹം രാം ലല്ലയുടെ ജലാഭിഷേകം നടത്തുന്നതെന്ന് രാമക്ഷേത്ര നിർമ്മാണത്തിന് മേൽനോട്ടം വഹിക്കുന്ന സംഘടനയുടെ ജനറൽ സെക്രട്ടറി ചമ്പത് റായ് വ്യക്തമാക്കി.
ടാൻസാനിയ, നൈജീരിയ, അമേരിക്ക, ഫ്രാൻസ്, ജർമ്മനി, ബ്രിട്ടൻ, നേപ്പാൾ, ഭൂട്ടാൻ, മാലിദ്വീപ്, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നും ജലം കൊണ്ടുവന്നിട്ടുണ്ടെന്ന് ഡൽഹി ബിജെപി നേതാവും മുൻ എംഎൽഎയുമായ വിജയ് ജോളി പറഞ്ഞു. അന്റാർട്ടിക്കയിൽ നിന്ന് വെള്ളം കൊണ്ടുവന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗും ആദിത്യനാഥും ചേർന്ന് ഏപ്രിൽ 23ന് മണിറാം ദാസ് ചൗനി ഓഡിറ്റോറിയത്തിൽ ‘ജല കലശ’ത്തിന്റെ പൂജ നടത്തും. ലോകമെമ്പാടുമുള്ള രാജ്യങ്ങളിൽ നിന്ന് കൊണ്ടുവരുന്ന ജലത്തിൽ ആ രാജ്യങ്ങളുടെ പതാകകളും അവയുടെ പേരുകളും നദികളുടെ പേരുകളും പതിച്ചിട്ടുണ്ടാകും. വിവിധ രാജ്യങ്ങളിലെ പ്രതിനിധികളും പരിപാടിയിൽ പങ്കെടുക്കും.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും ആദിത്യനാഥിന്റെയും നേതൃത്വത്തിൽ ക്ഷേത്രത്തിന്റെ നിർമ്മാണം ദ്രുതഗതിയിൽ പുരോഗമിക്കുകയാണെന്ന് ചമ്പത് പറഞ്ഞു. ത്രിപുര ബിജെപി പ്രഭാരിയും ശ്രീരാമഭക്തനുമായ വിജയ് ജോളിയുടെ നേതൃത്വത്തിലുള്ള സംഘം 155 രാജ്യങ്ങളിലെ നദികളിൽ നിന്നുള്ള ജലം അഭിഷേകത്തിനായി യോഗി ആദിത്യനാഥിന് കൈമാറുമെന്നും അദ്ദേഹം പറഞ്ഞു.
പാകിസ്താനിലെ രവി നദി ഉൾപ്പെടെ 155 രാജ്യങ്ങളിലെ നദികളിൽ നിന്ന് ശേഖരിക്കുന്ന ജലമാണ് കലശത്തിൽ ഉണ്ടാവുക. പാക്കിസ്താനിൽ നിന്നുള്ള ജലം ആദ്യം പാക്കിസ്താനിലെ ഹിന്ദുക്കൾ ദുബായിലേക്കും പിന്നീട് ദുബായിൽ നിന്ന് ഡൽഹിയിലേക്കും കൊണ്ടുവന്നു. അവിടെ നിന്നാണ് ജോളി അയോദ്ധ്യയിൽ എത്തിച്ചത്. സുരിനാം, യുക്രെയ്ൻ, റഷ്യ, കസാക്കിസ്ഥാൻ, കാനഡ, ടിബറ്റ് തുടങ്ങി നിരവധി രാജ്യങ്ങളിലെ നദികളിൽ നിന്നും ജലം വന്നിട്ടുണ്ട്.
Comments