ന്യൂഡൽഹി: സജീവ രാഷ്ട്രിയത്തിൽ നിന്നും വിരമിച്ച കർണാടക ബിജെപി നേതാവ് കെ എസ് ഈശ്വരപ്പയുമായി ഫോണിലൂടെ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി തിരഞ്ഞെടുപ്പ് രാഷ്ട്രിയത്തിൽ നിന്ന് ഈശ്വരപ്പ വിരമിച്ചതിന് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ വിളിയെത്തിയത്.
പ്രധാനമന്ത്രിയുമായുള്ള ഫോൺ സംഭാഷണത്തെ കുറിച്ച് പ്രതികരിച്ച ഈശ്വരപ്പ ഇത്തരത്തിൽ ഒരു ഫോൺ കോൾ പ്രതീക്ഷിച്ചിരുന്നില്ലെന്ന് പറഞ്ഞു. ബിജെപി സർക്കാരിന് ഭരണ തുടർച്ച നേടിക്കൊടുക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് പ്രചോദനം നൽകാൻ ശ്രമിക്കുമെന്നും ഈശ്വരപ്പ പറഞ്ഞു.
അടുത്ത മാസം നടക്കാനിരിക്കുന്ന കർണാടക നിയമസഭ തിരഞ്ഞെടുപ്പിൽ താൻ മത്സരിക്കില്ലെന്ന് ഈശ്വരപ്പ ഏപ്രിൽ 11-ന് പ്രഖ്യാപിച്ചിരുന്നു. ശിവമോഗ മണ്ഡലത്തിൽ അഞ്ച് തവണ എംഎൽഎയായി സേവനമനുഷ്ടിച്ചതിന് ശേഷമായിരുന്നു പ്രഖ്യാപനം. ബിജെപി അദ്ധ്യക്ഷൻ ജെപി നദ്ദയ്ക്ക് ഇത് സംബന്ധിച്ച് കത്തയച്ചിരുന്നു.
‘ഞാൻ തിരഞ്ഞെടുപ്പ് രാഷ്ട്രിയത്തിൽ നിന്നും പിന്മാറുകയാണ്. കഴിഞ്ഞ 40 വർഷത്തിനുള്ളിൽ ബൂത്ത് പ്രസിഡന്റ് മുതൽ സംസ്ഥാന അദ്ധ്യക്ഷൻ വരെയുള്ള ചുമതലകൾ പാർട്ടി തന്നെ ഏൽപ്പിച്ചു. ഉപമുഖ്യമന്ത്രിയാകുന്നതിനുള്ള അവസരവും ലഭിച്ചു. വളരെയധികം നന്ദി’ -എന്നാണ് കത്തിൽ ഈശ്വരപ്പ എഴുതിയിരുന്നത്.
Comments