ചണ്ഡീഗഡ്: വ്യവസായിയെ കൊലപ്പെടുത്താൻ ശ്രമിച്ച രണ്ടംഗ സംഘം പിടിയിൽ. തോക്കുകളുമായെത്തി വ്യവസായിയെ കൊലപ്പെടുത്താൻ ശ്രമിച്ച രണ്ട് പേരാണ് പോലീസിന്റെ പിടിയിലായത്. പഞ്ചാബ് മേഖലയിൽ നിന്നാണ് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തത്. പഞ്ചാബിലെ മാൻസയിലെ ഷിംല സിംഗ്, ഹരിയാന സ്വദേശി ഹർജീത് സിംഗ് എന്നിവരാണ് അറസ്റ്റിലായത്.
പ്രതികളിൽ നിന്ന് മൂന്ന് പിസ്റ്റളും 1.90 ലക്ഷം രൂപയും പോലീസ് കണ്ടെടുത്തിട്ടുണ്ട്. കാശിപൂരിലെ ഒരു വ്യവസായിയെ കൊലപ്പെടുത്താനാണ് പ്രതികൾ പദ്ധതിയിട്ടിരുന്നതെന്ന് അഡീഷണൽ ഐജിപി സിമ്രത്പാൽ സിംഗ് പറഞ്ഞു.
കൊലപാതകം നടത്താൻ ഏഴ് ലക്ഷം രൂപയാണ് പ്രതികൾ ആവശ്യപ്പെട്ടത്. പഞ്ചാബിലെ തീവ്രവാദിയായ അർഷ് ദല്ലയുടെ ആവശ്യപ്രകാരമാണ് പ്രതികൾ വ്യവസായിയെ കൊലപ്പെടുത്താൻ തയാറായത്. ഹരിയാന പോലീസിന്റെ സഹായത്തോടെയാണ് പഞ്ചാബ് പോലീസ് ഹർജിത് സിംഗിനെയും കൂട്ടാളിയെയും അറസ്റ്റ് ചെയ്തത്. പ്രതികൾക്കെതിരെ ഐപിസിയിലെ വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടുണ്ട്.
Comments