മലപ്പുറം: കാളികാവ് വെച്ച് ഹൃദയാഘാതമുണ്ടായ നടൻ മാമുക്കോയയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. ഇന്നലെ രാത്രി പൂങ്ങോടിൽ സെവൻസ് ഫുട്ബോൾ ടൂർണമെന്റ് ഉദ്ഘാടന ചടങ്ങിനിടെ ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ആരോഗ്യനില അൽപം ഭേദപ്പെട്ടതിന് ശേഷമാണ് വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ നിന്നും അദ്ദേഹത്തെ മെഡിക്കൽ ഐസിയു ആംബുലൻസിൽ പുലർച്ചെ രണ്ടരയോടെ കോഴിക്കോട്ടേക്ക് കൊണ്ടുവന്നത്.
അതേസമയം കർഡിയാക് അറസ്റ്റാണ് സംഭവിച്ചതെന്നും ആറോ ഏഴോ സിപിആർ നൽകിയ ശേഷം നില മെച്ചപ്പെട്ടതായും ഡോക്ടർമാർ പറഞ്ഞു. കഴിഞ്ഞ ദിവസം രാത്രി വണ്ടൂരിലെ ആശുപത്രിയിൽ വെച്ച് ബിപിയും ഹൃദയമിടിപ്പും സാധാരണ നിലയിലായ ശേഷമാണ് മാമുകോയയെ കോഴിക്കോട്ടേക്ക് മാറ്റിയത്. തുടർന്ന് ആരോഗ്യ നിലയിൽ പുരോഗതിയുണ്ടെങ്കിലും അദ്ദേഹം 72 മണിക്കൂർ നിരീക്ഷണത്തിൽ തുടരേണ്ടി വരുമെന്നും അദ്ദേഹത്തെ ചികിൽസിച്ച ഡോക്ടർ അജ്മൽ നാസിർ പറഞ്ഞു.
കുടുംബാംഗങ്ങൾ ഇന്നലെ രാത്രി തന്നെ വണ്ടൂരിൽ എത്തി. ഫുട്ബോൾ ടൂർണമെന്റ് ഉദ്ഘാടന ചടങ്ങിനായി മത്സരം തുടങ്ങുന്നതിന് മുൻപ് തന്നെ മാമുക്കോയ മൈതനത്ത് എത്തിയിരുന്നു. എന്നാൽ പെട്ടെന്നാണ് ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടത്. ശരീരം വിയർക്കുകയും തളർച്ച അനുഭവപ്പെടുന്നതായി അറിയിക്കുകയും കുഴഞ്ഞു വീഴുകയായുമായിരുന്നു. ഉടൻ തന്നെ അദ്ദേഹത്തെ 10 കിലോമീറ്റർ അകലെയുള്ള വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് ചികിത്സ ലഭ്യമാക്കി. ട്രോമ കെയർ പ്രവർത്തകർ ഉണ്ടായിരുന്നതിനാൽ മാമുക്കോയക്ക് ദേഹാസ്വാസ്ഥ്യം വന്നപ്പോൾ തന്നെ നിർണ്ണായക പ്രാഥമിക ചികിത്സ നൽകാൻ കഴിഞ്ഞെന്ന് ഫുട്ബോൾ ടൂർണമെന്റ് സംഘടക സമിതി വ്യക്തമാക്കി.
















Comments