കാസർകോട്: സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് സിപിഎമ്മിനെയിരെ കുടുംബവും സാധുജന പരിഷത്തും. പോലീസിനെതിരെ ഗുരുതര ആരോപണമാണ് ഇവർ ഉന്നയിക്കുന്നത്. കഴിഞ്ഞ മാർച്ച് 16നാണ് തൃക്കരിപ്പൂർ പടന്ന കോണത്തുവയൽ ബ്രാഞ്ച് സെക്രട്ടറി എം.സുദർശനനെ(37)കാഞ്ഞങ്ങാട് ചിത്താരി റെയിൽവേ പാളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സുദർശനന്റെ സ്‌കൂട്ടർ പാളത്തിന് സമീപത്ത് നിന്നും കണ്ടെത്തിയിരുന്നു.
മരണശേഷം സിപിഎം നേതൃത്വം തിരിഞ്ഞ് നോക്കിയില്ലെന്നും പോലീസ് അന്വേഷണത്തിൽ അലംഭാവം കാട്ടുന്നതായും കുടുംബം പറഞ്ഞു. സുദർശന്റെ സഹോദരി ലീലയും മറ്റ ബന്ധുക്കളുമാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. മരണപ്പെടുന്നതിന് തലേലന്ന് രാത്രി എട്ട് മണിയോടെ മുൻ ബ്രാഞ്ച് സെക്രട്ടറി മനോജ് വന്ന് സുദർശനെ വീട്ടിൽ നിന്ന് കൂട്ടിക്കൊണ്ട് പോവുകയായിരുന്നുവെന്ന് സഹോദരി ലീല പറഞ്ഞു. എന്നാൽ മരണശേഷം മനോജിനെ വിളിച്ചിട്ട് ഫോൺ എടുക്കാൻ പോലും തയ്യാറായില്ല.
ഇതിനിടയിൽ ഒരു സിപിഎം ലോക്കൽ നേതാവിന് സുദർശന്റെ മരണത്തിൽ പങ്കുള്ളതായുള്ള സൂചനകൾ പുറത്തുവന്നിരുന്നു. മരണം നടന്ന രാത്രി സുദർശനൻ എവിടെയായിരുന്നുവെന്നും, കയ്യിലുണ്ടായിരുന്ന 50000 രൂപ നഷ്ടമായത് സംബന്ധിച്ചും നിരവധി സംശയങ്ങൾ ബന്ധുക്കൾ ഉന്നയിക്കുന്നുണ്ട്.
അവിവാഹിതനായ സുദർശനന് ഒമ്പത് ലക്ഷം രൂപയുടെ കടം ഉണ്ടെന്നാണ് മരണശേഷം, പാർട്ടി നിയന്ത്രണത്തിലുള്ള ക്ലബ് ഭാരവാഹികളും നേതൃത്വവും പറയുന്നത്. ക്ലബിന്റെ വനിതാ വിഭാഗം ഭാരവാഹിയായ സഹോദരി ലീലയ്‌ക്ക് പോലും ഇങ്ങനെയൊരു കടബാധ്യതയുള്ള വിവരം അറിയില്ലായിരുന്നു. സിപിഎം ലോക്കൽ നേതാവിന്റെ കടബാധ്യത തീർക്കാൻ സുദർശനൻ കരുവായി മാറിയതായി ബന്ധുക്കൾ ആരോപിച്ചു. മരണശേഷം മൃതദേഹത്തിൽ റീത്ത് വെക്കാൻ പോലും സിപിഎം നേതൃത്വം തയ്യാറായില്ല.
രാത്രിയുള്ള ട്രെയിൻ തട്ടിയാണ് സുദർശനൻ മരിച്ചതെന്നാണ് പോലീസ് ഭാഷ്യം.എന്നാൽ ഇതിൽ ദുരുഹതയുണ്ട്. അതിനാൽ അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏൽപിക്കണമെന്നും ബന്ധുക്കൾ ആവശ്യപ്പെട്ടുന്നു. ഇതുസംബന്ധിച്ച് ബന്ധുക്കളും പ്രദേശവാസികളും ഒപ്പിട്ട ഭീമ ഹർജി ബന്ധപെട്ടവർക്ക് സമർപ്പിക്കുമെന്നും പട്ടിക ജാതി കമ്മീഷനും ദേശീയ പട്ടിക ജാതി കമ്മീഷനും പരാതി നൽകുമെന്നും സാധുജന പരിഷത് ഭാരവാഹികളും പ്രവർത്തകരും അറിയിച്ചു.
















Comments