തിരുവനന്തപുരം: പ്രധാനമന്ത്രി പങ്കെടുക്കുന്ന സർക്കാരിന്റെ വികസന പരിപാടികളിൽ നിന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ ഒഴിവാക്കിയത് ശരിയായ നടപടിയല്ലെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഇക്കാര്യത്തിൽ സർക്കാരിന് വീഴ്ചയുണ്ടായെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് കൊച്ചി മെട്രോ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത പരിപാടിയിൽ അന്ന് പ്രതിപക്ഷനേതാവെന്ന നിലയിൽ എന്നെ ക്ഷണിക്കുകയും പങ്കെടുക്കുകയും ചെയ്തിരുന്നു. അതാണ് കീഴ് വഴക്കം, മുൻകാലങ്ങളിലും പ്രധാനമന്ത്രിമാർ പങ്കെടുക്കുന്ന കേരള സർക്കാരിന്റെ വികസന പരിപാടികളിൽ പ്രതിപക്ഷ നേതാക്കളെ പങ്കെടുപ്പിക്കാറുണ്ടായിരുന്നെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.
സെൻട്രൽ സ്റ്റേഡിയത്തിലെ വിവിധ പദ്ധതികൾ ഉദ്ഘാടനം നിർവഹിക്കുന്ന പരിപാടിയിൽ പ്രധാനമന്ത്രിയ്‌ക്ക് പുറമേ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനികുമാർ വൈഷണവ്, കേന്ദ്ര മന്ത്രി വി മുരളീധരൻ, സംസ്ഥാന മന്ത്രിമാരായ വി.അബ്ദുദഹിമാൻ, ആന്റണി രാജു എന്നിവരാണ് സന്നിഹിതരായിരുന്നത്.
ചടങ്ങിൽ രാജ്യത്തിനായി പ്രധാനമന്ത്രി സമർപ്പിച്ചത് രണ്ട് പദ്ധതികളാണ്. പദ്ധതികളുടെ ഉദ്ഘാടനം നിർവഹിച്ചതിന് പിന്നാലെ അദ്ദേഹം ആറ് പദ്ധതികൾക്ക് കൂടി തുടക്കം കുറിച്ചു. കൊച്ചി വാട്ടർ മെട്രോ, ദിണ്ടിഗൽ-പളനി-പാലക്കാട് റെയിൽവേ സെക്ഷന്റെ വൈദ്യൂതീകരണം എന്നിവയുടെ സമർപ്പണമാണ് അദ്ദേഹം നിർവഹിച്ചത്.
Comments