വയനാട്: വയനാട് പൊഴുതനയിൽ വീണ്ടും പുലിയിറങ്ങി. മേയാൻ വിട്ടിരുന്ന പശുക്കുട്ടിയെ കൊന്നു തിന്നു. പൊഴുതന അച്ചൂർ സ്വദേശി ഷാഹിദയുടെ പശുവിനെയാണ് പുലി പിടികൂടിയത്. ഏഴാം തവണയാണ് അച്ചൂരിൽ പുലി വളർത്തു മൃഗങ്ങളെ കൊല്ലുന്നത്.
സമീപത്തെ വയലിൽ മേയാൻ വിട്ട പശുവിനെ ചത്ത നിലയിൽ കണ്ടെത്തുകയായിരുന്നു. രണ്ട് മാസമായി പ്രദേശത്ത് പുലിയുടെ ശല്യം രൂക്ഷമായി തുടരുകയാണ്. തോട്ടം തൊഴിലാളികൾ തിങ്ങി പാർക്കുന്ന പ്രദേശത്ത് ഇത് ഏഴാം തവണയാണ് പുലി ഇറങ്ങുന്നത്. ഒരുമാസത്തിനിടെ അഞ്ച് പശുക്കളെയാണ് പുലി കൊന്നത്.
വനം വകുപ്പ് സ്ഥലത്തെത്തി പുലിയുടെ കാൽപ്പാടുകൾ പരിശോധിക്കുകയും പുലിയുടെ സാന്നിധ്യം സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്.അതേസമയം, ജനങ്ങൾക്കും വളർത്തുന്ന മൃഗങ്ങൾക്കും ഒരുപോലെ ഭീഷണിയുയർത്തുന്ന പുലിയെ പിടികൂടാൻ വനം വകുപ്പ് ശ്രമിക്കുന്നില്ലെന്നും നാട്ടുകാർ പരാതിപ്പെടുന്നു.
Comments