ന്യൂഡൽഹി: ലഹരിമരുന്നു കടത്തിയ കേസിൽ ഷാർജ പോലീസ് കസ്റ്റഡിയിലെടുത്ത ബോളിവുഡ് നടി ക്രിസാൻ പെരേര ജയിൽ മോചിതയായി. ഏപ്രിൽ ആദ്യമാണ് ഇവർ അറസ്റ്റിലായിരുന്നത്. ട്രോഫിയിൽ മയക്കുമരുന്ന് ഒളിപ്പിച്ച് കടത്തിയെന്നായിരുന്നു കേസ്. ഇതുമായി ബന്ധപ്പെട്ട് രണ്ടുപേരെ മുംബൈ ക്രൈംബ്രാഞ്ച് കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു.
ആന്റണി പോൾ, രാജേഷ് ബബോട്ടെ എന്ന രവി എന്നിവരാണ് അറസ്റ്റിലായത്. ഇവർ ക്രിസനെ കുടുക്കാൻ ട്രോഫിയിൽ മയക്കുമരുന്ന് ഒളിപ്പിച്ച് വെക്കുകയും വിമാനമിറങ്ങുമ്പോൾ ഷാർജ പോലീസിനെ അറിയിക്കുകയുമായിരുന്നു എന്നാണ് വിവരം. മുംബൈയിൽ നിന്നും അറസ്റ്റിലായ ആന്റണിക്ക് ക്രിസാന്റെ മാതാപിതാക്കളോടുള്ള മുൻവൈരാഗ്യമാണ് ഇതിന് കാരണമെന്നാണ് വീട്ടുകാരുടെ ആരോപണം. നിലവിൽ മുംബൈ പോലീസ് അറസ്റ്റ് ചെയ്ത പ്രതികളെ മെയ് രണ്ട് വരെ കസ്റ്റഡിയിൽ ഇരുത്തി ചോദ്യം ചെയ്യും.














Comments