ഇടുക്കി: അരിക്കൊമ്പനെ കുമളിയിലെ സീനിയറോട വനമേഖലയിലേക്ക് മാറ്റാൻ തീരുമാനം. കുമളി പഞ്ചായത്തിൽ ഇന്ന് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി സബ് കളക്ടറാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. മയക്കുവെടിക്ക് പിന്നാലെ ആറ് ബൂസ്റ്റർ ഡോസ് നൽകിയാണ് അരിക്കൊമ്പനെ തളച്ചത്. കനത്ത മഴയും കാറ്റും കോടമഞ്ഞും അതിജീവിച്ചാണ് ദൗത്യസംഘം ആനയെ ലോറിയിലേക്ക് കയറ്റിയത്.
വളരെ എളുപ്പത്തിൽ ആനയെ വാഹനത്തിലേക്ക് കയറ്റാനാവുമെന്നായിരുന്നു കരുതിയത്. എന്നാൽ ആ പ്രതീക്ഷ തെറ്റി. ആന അപ്രതീക്ഷിതമായി പ്രതിരോധം തീർത്തിരുന്നു. കുങ്കിയാനകളെ ചുറ്റിലും നിന്ന് കൊണ്ട് തള്ളാനായിരുന്നു ശ്രമം. ആനയുടെ കാലിലെ വടം ഉപയോഗിച്ച് വാഹനത്തിലേക്ക് കയറ്റാനുള്ള ശ്രമവും പരാജയപ്പെട്ടിരുന്നു.
കഴിഞ്ഞ ദിവസം രാാവിലെയോടെയാണ് അരിക്കൊമ്പനെ മയക്കുവെടിവെക്കാനുള്ള ശ്രമം ആരംഭിച്ചത്. ഇന്നലെ ഉച്ചവരെ നിരീക്ഷിച്ചെങ്കിലും ആനയെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. പ്രദേശത്ത് കണ്ട മറ്റൊരു ആനയെ അരിക്കൊമ്പനെന്ന് സംശയിച്ചെങ്കിലും പിന്നീട് അല്ലെന്ന് സ്ഥിരീകരിക്കുകയായിരുന്നു. ഇന്ന് രാവിലെയാണ് ശങ്കരപാണ്ഡ്യ മേട്ടിൽ ആനയെ കണ്ടെത്തിയത്. ഇവിടെ നിന്നും ഒമ്പത് മണിയോടെ പടക്കം പൊട്ടിച്ചും മറ്റും ആനയെ താഴേക്ക് ഇറക്കിയത്.
















Comments