ഇടുക്കി: മാസങ്ങൾ നീണ്ട പോരാട്ടത്തിനൊടുവിൽ അരിക്കൊമ്പനെ വലയിലാക്കി വനം വകുപ്പ്. പെരിയാർ കടുവാ സങ്കേതത്തിലെ ഉൾ വനത്തിലാണ് അരിക്കൊമ്പനെ തുറന്നുവിട്ടിരിക്കുന്നത്. ആനയുടെ നീക്കങ്ങൾ നിരീക്ഷിക്കാൻ ജിപിസ് കോളർ ഘടിപ്പിച്ചിട്ടുണ്ട്. ഇതുവഴി റേഡിയോ സംവിധാനത്തിലൂടെ ശബ്ദം കേൾക്കാം. ജിപിഎസ് സംവിധാനത്തിലൂടെ സ്ഥാനം തിരിച്ചറിഞ്ഞ് തുരത്താനായി വാച്ചർമാർക്ക് എത്തിച്ചേരാൻ കഴിയും. ആന നാട്ടിലേക്കുള്ള പാതയിലാണെങ്കിൽ തക്ക സമയത്ത് തന്നെ തിരിച്ചോടിക്കാൻ സാധിക്കും. മൂന്ന് വർഷത്തെ ആയുസാണ് ഇവയുടെ ബാറ്ററിയ്‌ക്കുള്ളത്.
ജനവാസ മേഖലയായ കുമളിയിൽ നിന്നും 23 കിലോമീറ്റർ അകലെ സീനിയറോഡയ്‌ക്ക് സമീപത്താണ് അരിക്കൊമ്പനെ തുറന്നുവിട്ടത്. അതിനാൽ തന്നെ ജനവാസ മേഖലയിലേക്ക് എത്തില്ലെന്നാണ് വിലയിരുത്തൽ. റേഡിയോ കോളറിൽ നിന്നുള്ള സിഗ്നലുകൾ ലഭിക്കുന്നുണ്ട്. ഇതോടെ ദൗത്യം വിജയകരമായി. നിലവിൽ ആനയ്‌ക്ക് ആരോഗ്യപ്രശ്‌നങ്ങളൊന്നും തന്നെ ഇല്ലെന്നാണ് വനം വകുപ്പ് പറയുന്നത്. ശനിയാഴ്ച രാവിലെ ആറിന് തുടങ്ങിയ ദൗത്യം വൈകുന്നേരം ആറിനാണ് പൂർത്തിയായത്. നാലു കുങ്കിയാനകളുടെ ബലപ്രയോഗത്തിന് വഴങ്ങാതെ ചെറുത്തുനിൽക്കുകയായിരുന്നു അരിക്കൊമ്പൻ അത്രയും നേരം. അഞ്ച് തവണ മയക്കുവെടി വെച്ചതിന് പിന്നാലെയാണ് കൊമ്പനെ വരുതിയിലാക്കാനായത്.
പോലീസിനും മറ്റ് ഉദ്യോഗസ്ഥ സംഘത്തിന്റെയും അകമ്പടിയോടെ ആയിരുന്നു അരിക്കൊമ്പന്റെ യാത്ര. യാത്രയ്‌ക്കിടയിൽ നെടുങ്കണ്ടം ഭാഗത്ത് വെച്ച് കൊമ്പൻ മയക്കം മാറി എഴുന്നേറ്റത് ഭീതി പരത്തി. ഒരു ഡോസ് മയക്കുമരുന്ന് കൂടി നൽകിയതിന് ശേഷമായിരുന്നു പിന്നീടുള്ള യാത്ര. രാത്രി പത്തരയോടെയാണ് പെരിയാർ വന്യജീവി സങ്കേതത്തിന്റെ കവാടത്തിലെത്തിയത്. തുടർന്ന് പത്ത് മിനിറ്റ് പൂജ നടത്തിയ ശേഷമാണ് വാഹന വ്യൂഹം വനമേഖലയിലേക്ക് കടന്നത്.
















Comments